ന്യൂഡൽഹി: ആമസോൺ, ഫ്ളിപ്കാർട്ട്, സ്നാപ്പ്ഡീൽ തുടങ്ങിയവർ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമിൽ വില്ക്കുന്ന വസ്തുക്കളിൽ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ പേര് വ്യക്തമാക്കണമെന്ന് കേന്ദ്രം.
ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങുന്ന ബെഞ്ചിന് മുമ്പാകെ ബുധനാഴ്ച സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം അറിയിച്ചത് . ലീഗൽ മെട്രോളജി നിയമവും ചട്ടങ്ങളും അനുസരിച്ച് ഇ-കൊമേഴ്സ് സൈറ്റുകൾ ഉത്പാദിപ്പിച്ച രാജ്യം പ്രദർശിപ്പിക്കേണ്ടതുണ്ട്. അഡ്വക്കറ്റ് അമിത് ശുക്ല എന്നയാൾ നൽകിയ ഹർജിയിലാണ് കേന്ദ്രത്തിന്റെ സത്യവാങ്മൂലം. രാജ്യത്തെ ശക്തിപ്പെടുത്തുന്നതിനായി ഇന്ത്യൻ ഉത്പന്നങ്ങൾ പ്രോത്സാഹിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിൽ ഇറക്കുമതി ചെയ്യുന്ന രാജ്യത്തിന്റെ പേര് പ്രസിദ്ധീകരിക്കേണ്ടത് അത്യാവശ്യമാണെന്ന് ഹർജിയിൽ പറയുന്നു.