ന്യൂഡൽഹി: നിലവിലെ പാർലമെന്റ് കെട്ടിടത്തിന് പഴക്കമേറെയാണെന്നും സുരക്ഷിതമല്ലെന്നും സൗകര്യവും സാങ്കേതിക സംവിധാനങ്ങളും കുറവായതിനാൽ പുതിയത് നിർമ്മിച്ചേ പറ്റൂ എന്നും കേന്ദ്രസർക്കാർ സുപ്രീംകോടതിയെ അറിയിച്ചു. സെൻട്രൽ വിസ്ത പദ്ധതിയെ എതിർത്ത് സമർപ്പിച്ച ഹർജിയിലാണ് കേന്ദ്രത്തിന്റെ വിശദീകരണം. വൈദ്യുതി കാര്യക്ഷമത കുറഞ്ഞതും അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതുമാണ് കെട്ടിടമെന്ന് കേന്ദ്ര പൊതുമരാമത്ത് വകുപ്പ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.
2022ൽ പൂർത്തിയാക്കണം
75-ാം സ്വാതന്ത്ര്യദിനമാഘോഷിക്കുന്ന 2022നുമുമ്പായി പാർലമെന്റ് നിർമിക്കാനാണ് ലക്ഷ്യം. പാർലമെന്റും വിവിധ മന്ത്രാലയങ്ങളുമുൾപ്പെടുന്ന ഡൽഹിയിലെ സെൻട്രൽ വിസ്ത പുതുക്കിപ്പണിയുന്ന 20,000 കോടിയുടെ പദ്ധതി സ്റ്റേ ചെയ്യാൻ സുപ്രീംകോടതി വിസമ്മതിച്ചിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതുപോലുള്ള പദ്ധതി ഉപേക്ഷിക്കണമെന്ന് കാട്ടി 60 മുൻ ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു.