തൃക്കാക്കര: ജില്ലയിലെ കൺടൈൻമെൻ്റ് സോയ ആലുവയിൽ രോഗ വ്യാപനം ഗുരുതരമായ സാഹചര്യത്തിൽ ആലുവയുടെ സമീപ പഞ്ചായത്തുകളായ ചൂർണിക്കര, എടത്തല, ചെങ്ങമനാട്, കരുമാലൂർ, കടുങ്ങല്ലൂർ, ആലങ്ങാട് പഞ്ചായത്തുകൾ കൂടി ഉൾപ്പെടുത്തി ക്ലസ്റ്റർ ആക്കി മാറ്റുമെന്ന് മന്ത്രി വി. എസ്. സുനിൽകുമാർ അറിയിച്ചു. രാവിലെ 7 മുതൽ 9 വരെ മൊത്തവിതരണവും 10 മുതൽ2 വരെ ചില്ലറ വില്പനയും അനുവദിക്കും. മെഡിക്കൽ സ്റ്റോറുകൾക്ക് 24 മണിക്കൂർ പ്രവർത്തന അനുമതി നൽകും. തൃക്കാക്കരയിൽ പ്രവർത്തിക്കുന്ന കരുണാലയത്തിൽ കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കരുണാലയത്തെ ക്ലോസ്ഡ് ക്ലസ്റ്റർ ആക്കി മാറ്റും. ജില്ല തല കോവിഡ് അവലോകനത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി നിയന്ത്രണങ്ങൾ അറിയിച്ചത്. ജില്ലയിൽ വയോജനങ്ങൾ കൂടുതലുള്ള സ്ഥലങ്ങളിലും മഠങ്ങളിലും ആശ്രമങ്ങളിലും നിരീക്ഷണം കർശനമാക്കും. മൂവാറ്റുപുഴ പെഴക്കാപ്പള്ളി മത്സ്യ മാർക്കറ്റും അടച്ചിടും. ശക്തമായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഫലമായി ചെല്ലാനം മേഖലയിൽ രോഗവ്യാപനം കുറഞ്ഞിട്ടുണ്ട്. പ്രദേശത്തെ കടലേറ്റവും ശമിച്ചിട്ടുണ്ട്. പ്രദേശത്തെ എഫ്. എൽ. ടി. സി യിൽ കോവിഡ് പരിശോധന ആരംഭിച്ചിട്ടുണ്ട്. പ്രദേശത്തു ഭക്ഷണ കിറ്റുകളും ഫിഷറീസ് വകുപ്പിന്റെ നേതൃത്വത്തിൽ മത്സ്യ ബന്ധന കുടുംബങ്ങൾക്ക് ധനസഹായവും വിതരണം ചെയ്യും.വിവാഹങ്ങൾക്കും മരണാന്തര ചടങ്ങുകൾക്കും ഇളവുകൾ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ചടങ്ങുകൾ സംബന്ധിച്ച വിവരങ്ങൾ കൃത്യമായി പൊലീസിനെയും പഞ്ചായത്ത് ഉദ്യോഗസ്ഥരെയും റെവന്യൂ ഉദ്യോഗസ്ഥരെയും വിവരമറിയിക്കണം. ജില്ലയിൽ അടച്ചിട്ടിരിക്കുന്ന എല്ലാ സ്വകാര്യ ആശുപത്രികളും അണുനാശനം നടത്തി നാളെ മുതൽ പൂർണ തോതിൽ പ്രവർത്തനം പുനരാരംഭിക്കും.