തിരുവനന്തപുരം: സർക്കാരിന്റെ കൊവിഡ് ബോധവത്കരണശ്രമങ്ങളുടെ കുറവല്ല, മറിച്ച് തങ്ങൾക്കിതൊന്നും ബാധകമല്ലെന്ന് ചിന്തിക്കുന്ന കൂട്ടർ ഇപ്പോഴുമുള്ളതാണ് നാട്ടിൽ കൊവിഡ് വല്ലാതെ പെരുകാൻ കാരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ആരോഗ്യവകുപ്പിന്റെ ബോധവത്കരണപ്രവർത്തനങ്ങൾ ഓരോ ഘട്ടത്തിലുമുണ്ടായിട്ടുണ്ട്. ഒരു പ്രത്യേക പ്രദേശത്ത് 50 പേരുടെ പരിശോധനയ്ക്കായി ആരോഗ്യവകുപ്പ് അധികൃതർ ചെന്നപ്പോൾ 36 പേരേ പരിശോധനയ്ക്ക് സന്നദ്ധരായെത്തിയുള്ളൂ. അതിൽ 30 പേർക്കും രോഗം സ്ഥിരീകരിച്ചു. അപ്പോൾ പരിശോധന നടത്താത്ത എത്ര പേർക്ക് രോഗബാധയുണ്ടായി എന്ന് പറയാനാവില്ല. ചിലയിടങ്ങളിൽ കാണുന്ന പ്രവണതയാണിത്.
നമ്മൾ നിരന്തരം ജാഗ്രത പുലർത്തിപ്പോരണം. ഇതിന് പ്രാദേശികമായി ഇടപെടാൻ പറ്റുന്ന സാമൂഹ്യ, രാഷ്ട്രീയ, സാമുദായിക നേതാക്കളൊക്കെയുണ്ടാകും. ആരാധനാലയങ്ങളുടെ തലപ്പത്തിരിക്കുന്നവരുണ്ടാകും. ഓരോരുത്തരും ജനങ്ങളെ ബോധവത്കരിക്കാൻ ഇടപെടേണ്ടുന്ന ഘട്ടമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു.