തിരുവനന്തപുരം:നയതന്ത്ര ചാനലിലൂടെയുള്ള സ്വർണക്കടത്ത് കേസിലെ പ്രതികളുടെ ഉന്നത ബന്ധങ്ങൾ ഉൾപ്പെടെ പല നിർണായക വിഷയങ്ങളും എൻ.ഐ.എയുടെയും കസ്റ്റംസിന്റെയും അന്വേഷണ പരിധിയിൽ വരില്ല. സർക്കാരിലെയും പൊലീസിലെയും രാഷ്ട്രീയത്തിലെയും ഉന്നതരുമായി തങ്ങൾക്കുള്ള ബന്ധമടക്കം പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തിയിരുന്നു. ഇവ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന്റെയോ കോടതിയുടെയോ ഇടപെടൽ വേണം.
പ്രതികളുടെ ഉന്നത ബന്ധങ്ങൾക്കു പുറമേ കോൺസുലേറ്റിലെയടക്കം നിയമനത്തിലെ ശുപാർശകൾ, പണം കൈമാറ്റം, അധികാര ദുർവിനിയോഗം, വ്യാജരേഖകളുടെ നിർമ്മാണം, സർക്കാർ മുദ്രയുടെയും വാഹനങ്ങളുടെയും ദുരുപയോഗം, എന്നിവ കേന്ദ്ര ഏജൻസികൾ കണ്ടെത്തിയിട്ടുണ്ട്. മിക്കതും ഗുരുതര കുറ്റകൃത്യങ്ങളാണ്. സർക്കാർ മുദ്രയുടെ ദുരുപയോഗം ജാമ്യമില്ലാക്കുറ്റമാണ്.
എന്നാൽ ഇതൊന്നും എൻ. ഐ. എക്കോ കസ്റ്റംസിനോ എൻഫോഴ്മെന്റിനോ അന്വേഷിക്കാനാവില്ല. ഇവ അന്വേഷിക്കാൻ സംസ്ഥാന സർക്കാരിന് ഉത്തരവിടാം. ഇവ തങ്ങളുടെ പരിധിക്ക് പുറത്താണെന്ന് എൻ.ഐ.എക്കും കസ്റ്റംസിനും കോടതിയെ അറിയിക്കാം. അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷത്തിനുൾപ്പെടെ കോടതിയെ സമീപിക്കാം. ഈ സാഹചര്യങ്ങൾ കണക്കിലെടുത്ത് കോടതിക്ക് അന്വേഷണത്തിന് ഉത്തരവിടാം.
ഭീകരത, കള്ളക്കടത്ത്, കള്ളപ്പണം
സ്വർണക്കടത്തിലെ ഭീകര ബന്ധമാണ് എൻ.ഐ.എയുടെ പ്രധാന അന്വേഷണ വിഷയം. സ്വപ്നയുടെയും സരിത്തിന്റെയും ഫോൺ പരിശോധിച്ചപ്പോൾ ഗുരുതരമായ ഇടപാടുകൾ വ്യക്തമായിട്ടുണ്ട്. പക്ഷേ, ഭീകരപ്രവർത്തനം പോലുള്ള ഷെഡ്യൂൾഡ് കുറ്റകൃത്യങ്ങളേ എൻ.ഐ.എക്ക് അന്വേഷിക്കാനാവൂ. അനുബന്ധ കേസുകളുണ്ടായാൽ ഭീകരബന്ധത്തിന്റെ കേസ് ദുർബലമാവും. വാഗമൺ സിമി ക്യാമ്പ് കേസിൽ പൊലീസ് പ്രതിയാക്കിയ പലരെയും എൻ.ഐ.എ ഒഴിവാക്കിയിരുന്നു. എന്നിട്ടും 17പ്രതികളെ കോടതി വെറുതേവിട്ടു. അതിനാൽ സ്വർണക്കടത്തിലും ഭീകരബന്ധത്തിൽ ഊന്നിയാവും എൻ.ഐ.എയുടെ അന്വേഷണം.
കസ്റ്റംസിനാവട്ടെ കള്ളക്കടത്തിനപ്പുറത്തേക്കൊരു അന്വേഷണം സാദ്ധ്യമല്ല. കടത്തിക്കൊണ്ടുവന്ന സ്വർണത്തിന് നിയമപ്രകാരമുള്ള നികുതിയടച്ചാൽ കസ്റ്റംസിന്റെ കേസ് അവസാനിക്കും. അല്ലെങ്കിൽ സ്വർണം സർക്കാരിലേക്ക് കണ്ടുകെട്ടി കേസ് അവസാനിപ്പിക്കാം. ഗൂഢാലോചന കസ്റ്റംസിന് അന്വേഷിക്കേണ്ടതില്ല.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വിദേശത്തെയടക്കം ബിനാമി, കള്ളപ്പണ ഇടപാടുകളാണ് അന്വേഷിക്കുന്നത്.
എൻ.ഐ.എ അന്വേഷിക്കുന്നത്
1)നയതന്ത്ര പരിരക്ഷ ദുരുപയോഗം ചെയ്ത് ഇന്ത്യ - യു.എ.ഇ സൗഹാർദ്ദം തകർക്കാൻ ശ്രമമുണ്ടായോ
2)വിദേശത്ത് ഗൂഢാലോചന നടത്തി സാമ്പത്തികമായി ഇന്ത്യയെ തകർക്കുകയെന്ന ലക്ഷ്യം സ്വർണക്കടത്തിനുണ്ടോ
3)സ്വർണക്കടത്തിലൂടെ ലഭിക്കുന്ന പണം ഭീകര പ്രവർത്തനത്തിന് ലഭിച്ചിട്ടുണ്ടോ
4)വിദേശത്ത് സ്വർണക്കടത്തിന് പണമെത്തിക്കുന്നത് ആര്, കള്ളക്കടത്തിനു പിന്നിലെ ഹവാല ഇടപാട്
വേണ്ടത്
ആരോപണങ്ങളെയും പ്രതികളുടെ ഉന്നതബന്ധത്തെയും പറ്റി സംസ്ഥാന സർക്കാർ അന്വേഷണം പ്രഖ്യാപിക്കണം. ഗൺമാനെതിരെ ഇതുവരെ വകുപ്പുതല അന്വേഷണം മാത്രം
അനുബന്ധ കുറ്റകൃത്യങ്ങൾ പൊലീസോ കേന്ദ്ര ഏജൻസിയോ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷത്തിനും മറ്റും കോടതിയെ സമീപിക്കാം
ഗുരുതര കുറ്റകൃത്യങ്ങളെക്കുറിച്ച് ലഭിച്ച വിവരങ്ങൾ തങ്ങളുടെ പരിധിക്ക് പുറത്താണെന്ന് എൻ.ഐ.എക്കും കസ്റ്റംസിനും കോടതിയെ അറിയിക്കാം
എല്ലാത്തിലും കേന്ദ്ര ഏജൻസിയുടെ അന്വേഷണത്തിന് കോടതിക്ക് ഉത്തരവിടാം. അങ്ങനെയെിൽ അവർക്ക് സംസ്ഥാന സർക്കാരിന്റെ അനുമതി ആവശ്യമില്ല.