തിരുവനന്തപുരം: നയതന്ത്ര ചാനൽ വഴി 15 കോടിയുടെ സ്വർണം കടത്തിയ കേസിലെ പ്രതികൾക്കെതിരെ കേന്ദ്ര ധനമന്ത്രാലയത്തിന്റെ ഇക്കണോമിക്സ് ഇന്റലിജൻസ് ബ്യൂറോ കൊഫെപൊസ (കൺസർവേഷൻ ഒഫ് ഫോറിൻ എക്സ്ചേഞ്ച് ആൻഡ് പ്രിവൻഷൻ ഒഫ് സ്മഗ്ളിംഗ് ആക്ടിവിറ്റീസ് ആക്ട്) ചുമത്തും. ഒരുകോടി രൂപയ്ക്ക് മേൽ കള്ളക്കടത്ത് നടത്തുന്നവർക്കെതിരെയാണ് കൊഫെപൊസ ചുമത്താറ്.
കൊഫെപൊസ പ്രകാരം അറസ്റ്റിലാകുന്നവരെ ഒരു വർഷംവരെ കരുതൽ തടങ്കലിൽ വയ്ക്കാം. പ്രതികൾക്ക് അപ്പീൽ നൽകാനാവും. ഹൈക്കോടതിയിലെ മൂന്നു ജഡ്ജിമാർ അംഗങ്ങളായ ഉപദേശക സമിതിക്കാണ് നിവേദനം നൽകേണ്ടത്. ഹൈക്കോടതിയിൽ റിട്ട് ഹർജിയും ഫയൽ ചെയ്യാം. നിവേദനവും ഹർജിയും തള്ളിയാൽ സ്വത്തു കണ്ടെടുക്കുന്നതിനുള്ള നടപടികൾ ആരംഭിക്കും. ഉദ്യോഗസ്ഥരുടെയും കടത്തുകാരുടെയും വിദേശ ബന്ധങ്ങളെക്കുറിച്ചും വരുമാന മാർഗങ്ങളെക്കുറിച്ചും നിലവിലെ സ്വത്തുകൾ എങ്ങനെ ലഭിച്ചു എന്നതിനെക്കുറിച്ചും അന്വേഷണം നടത്തും. പ്രതികളുടെ സ്വത്തുക്കൾ കണ്ടുകെട്ടുകയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കുകയും ചെയ്യാം.
നേരത്തേ തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കോടികളുടെ സ്വർണം കടത്തിയ കേസിൽ എയർ കസ്റ്റംസ് സൂപ്രണ്ടായിരുന്ന രാധാകൃഷ്ണനടക്കം ആറു പ്രതികൾക്കെതിരെ കൊഫെപൊസ ചുമത്തിയിരുന്നു.