കൊല്ലം: മദ്യപൻമാരുടെ പ്രിയ ബ്രാൻഡായ 'ജവാൻ' റം ഓണവിപണി അടക്കിവാഴും!. പ്രതിദിനം രണ്ടായിരം കെയ്സ് അധികം ഉത്പാദനത്തിലൂടെ കൊവിഡ് കാലത്തും വിപണി പിടിക്കുകയാണ് സർക്കാർ ഡിസ്റ്റിലറിയായ പത്തനംതിട്ട പുളിക്കീഴിലെ ട്രാവൻകൂർ ഷുഗേഴ്സ് ആൻഡ് കെമിക്കൽസിന്റെ ലക്ഷ്യം.
ലോക്ക് ഡൗൺ കാലത്തെ മാന്ദ്യം മറികടക്കാനും ഓണം - ക്രിസ്മസ് വിപണി കൈയടക്കാനും ജൂലായ് മുതൽ ഡിസംബർ വരെയുള്ള ആവശ്യത്തിനായി 54 ലക്ഷം ലിറ്റർ സ്പിരിറ്റാണ് ട്രാവൻകൂർ ഷുഗേഴ്സ് ഇ.ടെൻഡർ വഴി പർച്ചേയ്സ് ചെയ്യുന്നത്. ജവാൻ റമ്മിന്റെ ഒരുലിറ്റർ ബോട്ടിലിന്റെ ഉത്പാദനമാണ് നിലവിൽ കമ്പനിയിലുള്ളത്. ഒരുകോടി രൂപ ചെലവഴിച്ച പുതിയ പ്രൊഡക്ഷൻ ബോട്ട്ലിംഗ് യൂണിറ്റും പ്രവർത്തനസജ്ജമായതോടെ പ്രതിദിനം രണ്ടായിരം കെയ്സ് ജവാൻ ഡീലക്സ് സ്പെഷ്യൽ ട്രിപ്പിൾ എക്സ് റമ്മാണ് അധികമായി ഉത്പാദിപ്പിക്കുന്നത്. ഡിമാന്റനുസരിച്ച് ജവാൻ റം കിട്ടാറില്ലെന്ന പരാതി ഇതിലൂടെ പരിഹരിക്കാനാവും.
വിട്ടുവീഴ്ചയില്ലാത്ത ഗുണമേന്മയും മിതമായ വിലയുമാണ് സാധാരണക്കാർക്ക് ജവാനെ പ്രിയപ്പെട്ടതാക്കിയത്. മറ്റ് ബ്രാൻഡുകളുമായി വിപണിയിൽ കിടപിടിക്കാനും ജവാന് കഴിയുന്നുണ്ട്. ന്യൂട്രൽ ആൽക്കഹോളും സ്പിരിറ്റും ഉപയോഗിച്ച് നിർമ്മിക്കുന്ന ജവാൻ റം തിരുവനന്തപുരത്തെ സർക്കാർ കെമിക്കൽ ലാബിൽ പരിശോധന നടത്തിയ ശേഷമാണ് വിൽപ്പനയ്ക്ക് എത്തിക്കുന്നത്.
സാനിട്ടൈസർ നിർമ്മാണത്തിന് സ്പിരിറ്റും
ആലപ്പുഴയിലെ കേരള ഡ്രഗ്സ് ആൻഡ് ഫാർമസ്യൂട്ടിക്കൽസിന് സാനിട്ടൈസർ നിർമ്മാണത്തിന് നാല് ലക്ഷം ലിറ്റർ സ്പിരിറ്റാണ് ട്രാവൻകൂർ കെമിക്കൽസിൽ നിന്ന് നൽകിയത്. കൊവിഡ് കാരണം സാനിട്ടൈസർ ഉൽപ്പാദനത്തിന് വൻതോതിൽ സ്പിരിറ്റ് ചെലവാകുന്നുണ്ടെങ്കിലും വിപണിയിൽ സ്പിരിറ്റ് സുലഭമാണെന്ന് ട്രാവൻകൂർ കെമിക്കൽസ് മാനേജിംഗ് ഡയറക്ടർ അലക്സ് പി.എബ്രഹാം വെളിപ്പെടുത്തി.
മത്സരാധിഷ്ഠിത ടെൻഡറായതിനാൽ കഴിഞ്ഞ തവണത്തേക്കാൾ വിലക്കുറവിലാണ് ഇത്തവണ സ്പിരിറ്റ് ലഭിച്ചത്. ഒരുലിറ്ററിന് 58 രൂപ 19 പൈസയും ജി.എസ്.ടിയും വിലയായിരുന്ന സ്പിരിറ്റ് ഇത്തവണ ജി.എസ്.ടി കൂടാതെ 56.96 രൂപയ്ക്കാണ് ലഭിച്ചത്.
ജവാൻ
ഒരുകെയ്സ് - 9 ലിറ്റർ
സ്പിരിറ്റ്: 4 ലിറ്റർ
വെള്ളം: 5ലിറ്റർ
ജവാൻ ഡീലക്സ് റം ലിറ്ററിന്: 560 രൂപ
കുടുംബശ്രീക്കാർക്ക് നേട്ടം
പത്തനംതിട്ട ജില്ലയിലെ തിരുവല്ല പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെയും പെരിങ്ങര, നിരണം പഞ്ചായത്തുകളിലെയും കുടുംബശ്രീ യൂണിറ്റുകളിൽ നിന്നുള്ള സ്ത്രീകൾ ഉൾപ്പെടെ നൂറ് തൊഴിലാളികളാണ് സാമൂിഹിക അകലം പാലിച്ച് കമ്പനിയിൽ പണിയെടുക്കുന്നത്. രാവിലെ 8 മുതൽ വൈകിട്ട് 5 വരെയാണ് ജോലി സമയം.
''
പ്രതിദിനം രണ്ടായിരം ലിറ്റർ റമ്മിന്റെ ഉത്പാദനം വർദ്ധിക്കുന്നതോടെ വിപണിയിലെ ആവശ്യം ഏറെക്കുറെ നിറവേറ്റാൻ കഴിയും. ലോക്ക് ഡൗൺകാലത്തെ പ്രതിസന്ധി ഓണം വിൽപ്പനയിലൂടെ അതിജീവിക്കാനാകും.
പി.യു. ഹാഷിം, മാനേജർ