വെമ്പായം: ചീരാണിക്കര കറ്റയിൽ സി.എസ് റോക്സ് മെറ്റൽ ക്രഷറിലുണ്ടായ സംഘർഷത്തിൽ കമ്പനി ജീവനക്കാരടക്കം നിരവധി പേർക്ക് പരിക്ക്. സി.എസ് മെറ്റൽ ക്രഷർ പുതിയ മാനേജ്മെന്റ് ഏറ്റെടുത്തതിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡിവൈ.എസ്.പിയുടെ മദ്ധ്യസ്ഥതയിൽ നടന്ന ധാരണപ്രകാരം മുൻ ശമ്പള കുടിശിക നൽകുന്നതിനായി മാനേജ്മെന്റ് പ്രതിനിധികൾ എത്തിയപ്പോൾ പ്രദേശവാസിയായ കോൺഗ്രസ് നേതാവിന്റെ നേതൃത്വത്തിൽ 100ഓളം പേർ ഓഫീസിലേക്ക് തള്ളിക്കയറി വാക്കുതർക്കത്തിലായി. മുൻ മാനേജ്മെന്റിനെ അല്ലാതെ മറ്റാരെയും കമ്പനി നടത്താൻ അനുവദിക്കില്ലെന്ന് പറഞ്ഞ ഇവർ ഓഫീസിൽ യൂണിയൻ പതാക കെട്ടിയെന്നും വാഹനം അടിച്ചുതകർത്തെന്നും മാനേജ്മെന്റ് പ്രതിനിധികൾ ആരോപിച്ചു. എന്നാൽ ശമ്പള കുടിശിക വാങ്ങാനെത്തിയ തൊഴിലാളികളെ അകാരണമായി കമ്പനി പ്രതിനിധികൾ മർദ്ദിക്കുകയായിരുന്നെന്ന് തൊഴിലാളികൾ പറയുന്നു. സംഘർഷത്തിൽ ഗുരുതരമായി പരിക്കേറ്റ നവാസ്, ശ്യാം, ശ്യാംകൃഷ്ണ, റിയാസ് എന്നിവരെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിലും നിസാര പരിക്കേറ്റ കറ്റയിൽ തടത്തരികത്തു പുത്തൻവീട്ടിൽ മനു, കുതിരകുളം കൊപ്പം സ്വദേശി ബിജു, കൂവകുളങ്ങര മണ്ണാംവിള കൃഷ്ണശ്രീയിൽ അനൂപ്, വെമ്പായം കറ്റയിൽ തടത്തരികത്ത് വീട്ടിൽ അജയകുമാർ എന്നിവരെ കന്യാകുളങ്ങര പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്രവേശിപ്പിച്ചു.
സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി വട്ടപ്പാറ പൊലീസ് അറിയിച്ചു.