കൊച്ചി: പുതിയ സിനിമകളുടെ ചിത്രീകരണം തുടങ്ങാൻ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ അനുമതി നൽകി. കൊവിഡിൽ നിന്നുപോയ 66 സിനിമകളുടെ ചിത്രീകരണം പൂർത്തിയാക്കിയതിന് ശേഷം പുതിയവ തുടങ്ങിയാൽ മതിയെന്നായിരുന്നു നേരത്തെയുണ്ടായ തീരുമാനം.
പ്രതിസന്ധി തരണം ചെയ്യാൻ പ്രതിഫലം കുറയ്ക്കാമെന്ന ആവശ്യത്തോട് താരങ്ങളുടെയും ടെക്നീഷ്യന്മാരുടെയും സാങ്കേതിക പ്രവർത്തകരുടെയും സംഘടനകൾ സഹകരിക്കാൻ സന്നദ്ധത പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ചെലവ് ചുരുക്കി കൊവിഡ് പ്രോട്ടോക്കോൾ പ്രകാരം പുതിയ ചിത്രങ്ങൾ നിർമ്മിക്കാൻ അസോസിയേഷൻ ഭരണസമിതി തീരുമാനിച്ചത്. രജിസ്ട്രേഷന് വേണ്ടി സമർപ്പിക്കുന്ന പുതിയ പ്രൊജക്ടുകളുടെ വിപണന സാധ്യത കൂടി കമ്മറ്റി പരിശോധിച്ച് അനുവാദം നൽകും.
കള്ളക്കടത്ത് ബന്ധം അന്വേഷിക്കണം
സിനിമാ നിർമ്മാണത്തിൽ സമീപകാലത്ത് നടന്ന സ്വർണക്കള്ളക്കടത്തുമായി ബന്ധമുണ്ടെന്ന വാർത്തകളും യോഗം ചർച്ച ചെയ്തു. കൃത്യമായി ഐ.ടി, ജി.എസ്.ടി കണക്കുകൾ ഹാജരാക്കിയാണ് ഭൂരിഭാഗം പേരും സിനിമ നിർമ്മിക്കുന്നത്. അല്ലാത്തവരുണ്ടെന്ന സൂചന കിട്ടിയാൽ കൃത്യമായ അന്വേഷണം നടത്താമെന്നും അതിന് സംഘടനയുടെ സഹകരണമുണ്ടാകുമെന്നും കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ സെക്രട്ടറി ആന്റോ ജോസഫ് വാർത്താക്കുറിപ്പിൽ പറഞ്ഞു.