പൂജക്കടകളിലെ കച്ചവടത്തിൽ വൻ ഇടിവ്
ഇനി പ്രതീക്ഷ ചിങ്ങം ഒന്ന്
ആലപ്പുഴ: കൊവിഡിൽ തട്ടി ക്ഷേത്രാചാരങ്ങൾക്ക് നിയന്ത്രണം വന്നതോടെ പൂജാദ്രവ്യങ്ങളുടെ ഡിമാൻഡിടിഞ്ഞു. ചന്ദനവും തിരിയും കർപ്പൂരവും മുതൽ വിളക്കെണ്ണ വരെ വാങ്ങാനാളില്ലാതെ കടകളിൽ കെട്ടിക്കിടക്കുകയാണ്.
ആയിരക്കണക്കിന് രൂപയുടെ കച്ചവടം നടക്കേണ്ട കർക്കടക വാവുബലി ദിനത്തിൽ പേരിന് മാത്രമാണ് പൂജക്കടകളിൽ ഇടപാടു നടന്നത്. പല ക്ഷേത്രങ്ങളും ബലിക്കിറ്റ് ഒരുക്കുന്നതിന് സാധനങ്ങൾ വാങ്ങിയിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ നടന്ന ചെറിയൊരു കച്ചവടം ഇത് മാത്രമാണ്. വരുമാനമില്ലാതായതോടെ ക്ഷേത്രങ്ങളിലേക്ക് പൂജാ സാമഗ്രികൾ കാര്യമായി വാങ്ങുന്നില്ല. നിത്യപൂജയ്ക്ക് ആവശ്യമായ എണ്ണ, തിരി, ചന്ദനത്തിരി എന്നിവ മാത്രമാണ് ക്ഷേത്രങ്ങളിലിപ്പോൾ വേണ്ടിവരുന്നത്. പുഷ്പങ്ങൾ പോലും പരിസര പ്രദേശങ്ങളിൽ നിന്ന് ശേഖരിച്ച് ഉപയോഗിക്കുകയാണ്. പൂക്കളുടെ വരവ് തമിഴ്നാട്ടിൽ നിന്നായതിനാൽ ആരും വാങ്ങാറില്ല.
ഭക്തരില്ലാത്തതിനാൽ ചന്ദനത്തിനും കുങ്കുമത്തിനും ചെലവില്ല. പേരും, നാളും എഴുതി വഴിപാടുകൾ നടത്താമെങ്കിലും ഭൂരിഭാഗം ക്ഷേത്രങ്ങളിലും പ്രസാദം വിതരണം ചെയ്യുന്നില്ല. വിവാഹം ഉൾപ്പെടെയുള്ള ചടങ്ങുകൾ കുറഞ്ഞതോടെ ഗണപതിയൊരുക്കിനു പോലും ആവശ്യക്കാരില്ല. വരുന്ന ചിങ്ങം ഒന്നാണ് ഇനി പൂജാ സാമഗ്രികൾ ചിലവാകാനുള്ള സമയം. മലയാളികളുടെ പുതുവർഷപ്പിറവിയായതിനാൽ സ്ഥാപനങ്ങളടക്കം അലങ്കരിക്കുകയും പൂജ നടത്തുകയും ചെയ്യുന്ന പതിവുണ്ടായിരുന്നു. എന്നാൽ കൊവിഡ് വ്യാപനം വർദ്ധിക്കുന്നതിനാൽ തീരെ പ്രതീക്ഷയില്ലെന്ന് കച്ചവടക്കാർ പറയുന്നു. പൂജാ ദ്രവ്യങ്ങൾ ഏറ്റവുമധികം വിറ്റഴിയുന്ന വൃശ്ചികമാസമാണ് പൊതുവേ കച്ചവട സീസൺ. അതിന് മുമ്പെങ്കിലും കൊവിഡിനെ പിടിച്ചുകെട്ടാനാവണേയെന്ന പ്രാർത്ഥനയിലാണ് കച്ചവടക്കാർ.
....................
# പ്രതിസന്ധികൾ
ക്ഷേത്രത്തിൽ വഴിപാടുകൾ കുറഞ്ഞു
പ്രസാദ വിതരണമില്ല
വിവാഹങ്ങളും ചടങ്ങുകളും കുറഞ്ഞു
പൊങ്കാലകൾ ഇല്ല
വീടുകളിൽ ഹോമവും പൂജകളുമില്ല
സപ്താഹങ്ങളില്ല
....................
കച്ചവടം നാലിലൊന്നായി. വരുമാനമില്ലാത്തതിനാൽ നിത്യം സാധനങ്ങൾ വാങ്ങിയിരുന്ന ക്ഷേത്രങ്ങൾ അവ വെട്ടിച്ചുരുക്കി. എണ്ണയും നെയ്യുമടക്കമുള്ളവ കടയിൽ കെട്ടിക്കിടക്കുകയാണ്. വാടക കൊടുക്കാനുള്ള വരുമാനം പോലും ലഭിക്കുന്നില്ല
പ്രകാശൻ, പൂജാദ്രവ്യ വ്യാപാരി
..................
# ഡിമാൻഡിടിഞ്ഞവ
ചന്ദനം, കുങ്കുമം, ഭസ്മം, മഞ്ഞൾ, വിളക്ക് തിരി, ചന്ദനത്തിരി, പനിനീർ, ചരട്, സമർപ്പിക്കാനുള്ള രൂപങ്ങൾ