തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് കർശന നിർദേശവുമായി സി.പി.എം. പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണം. ദൂരൂഹതയുള്ള വ്യക്തികളെ മന്ത്രിമാരുടെ ഓഫീസുകളിൽ നിന്ന് അകറ്റി നിർത്തണം. കൂടിയാലോചനകൾക്ക് ശേഷം മാത്രമെ തീരുമാനം എടുക്കാൻ പാടുള്ളൂവെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സ്റ്റാഫ് അംഗങ്ങൾക്ക് നിർദേശം നൽകി. തിരഞ്ഞെടുപ്പ് അടുത്തുവരികയാണെന്ന് ജാഗ്രത അനിവാര്യമാണെന്നും അദ്ദേഹം സ്റ്റാഫ് അംഗങ്ങളെ ഓർമ്മിപ്പിച്ചു.
സ്വർണക്കടത്ത് വിവാദത്തിന് തൊട്ടുപിന്നാലെയാണ് മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ചുചേർക്കാൻ സി.പി.എം തീരുമാനമെടുത്തത്. സ്റ്റാഫ് അംഗങ്ങൾക്കുള്ള പെരുമാറ്റചട്ടം കർശനമാക്കാനും ഓരോത്തരേയും പാർട്ടിയുടെ കർശന നിരീക്ഷണത്തിന് ഉള്ളിൽ കൊണ്ടുവരാനുമാണ് സി.പി.എം നീക്കം. ഇന്നലെ മന്ത്രി ഇ.പി ജയരാജന്റെ പേഴ്സണൽ സ്റ്റാഫ് അംഗത്തിൽ നിന്ന് രാജി എഴുതി വാങ്ങിയ നടപടിയുമുണ്ടായി.
പാർട്ടി നോമിനകളായി വിവിധ മന്ത്രി ഓഫീസുകളിൽ തുടരുന്നവർ പാർട്ടി പെരുമാറ്റ ചട്ടം കർശനമായി പാലിക്കണമെന്ന വ്യവസ്ഥയിൽ ഊന്നിയായിരുന്നു യോഗം നടന്നത്. ആരോപണങ്ങൾക്ക് വഴിയൊരുക്കരുക്കുന്ന വിധിത്തിലുള്ള പ്രവർത്തനങ്ങൾ ഒരു കാരണവശാലും ഉണ്ടാകരുത്. ആരോപണങ്ങളും ആക്ഷേപങ്ങളും വരാനിടയുള്ളത് മുൻകൂട്ടി കണ്ട് ആവശ്യമായ മുൻകരുതലെടുക്കണമെന്ന അഭിപ്രായവും യോഗത്തിൽ ഉയർന്നു.