കാസർകോട്: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണം കൂടി. കാസർകോട്, പാലക്കാട് സ്വദേശികളാണ് മരിച്ചത്. പാലക്കാട് മരിച്ചത് കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ്. നാൽപത് വയസായിരുന്നു. തമിഴ്നാട്ടിലെ തിരുപ്പൂരിൽ നിന്ന് മൂന്നാഴ്ച മുമ്പാണ് അഞ്ജലി നാട്ടിലെത്തിയത്.മകനൊപ്പം വീട്ടിൽ ക്വാറന്റീനിൽ കഴിയുകയായിരുന്നു.
വീണു അവശനിലയിലായ അഞ്ജലിയെ ഞായറാഴ്ച ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് നടത്തിയ പരിശോധനയിലാണു കൊവിഡ് സ്ഥിരീകരിച്ചത്.ശനിയാഴ്ച ഇവരുടെ ക്വാറന്റീൻ കഴിഞ്ഞിരുന്നു.തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. കടുത്ത പ്രമേഹമുണ്ടായിരുന്നു.
കാസർകോട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസായിരുന്നു. പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇതോടെ കാസർകോട് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. കൊവിഡ് സ്ഥിരീകരിച്ച നബീസ നേരത്തെ കാഞ്ഞങ്ങാട്ട് ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് ഇവിടെ നിന്നും പരിയാരം മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 55 ആയി. കാസർകോട് ഇന്നലെ 106 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.