കാസർകോട്: കാസർകോട് ചെങ്കള പഞ്ചായത്തിൽ വിവാഹ ചടങ്ങിൽ പങ്കെടുത്ത 43 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂലായ് 17നായിരുന്നു വിവാഹം. വധുവിനും വരനും അടക്കമാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്ന് നടന്ന ആന്റിജൻ പരിശോധനാ ക്യാമ്പിലാണ് എല്ലാവർക്കും കൊവിഡ് ബാധിച്ചുവെന്ന് കണ്ടെത്തിയത്.
കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ വിവാഹ ചടങ്ങുകൾ സംഘടിപ്പിച്ച വ്യക്തിക്കെതിരെ കേരള പകർച്ചവ്യാധി നിയന്ത്രണ നിയമ പ്രകാരം കേസെടുക്കും. രണ്ട് വർഷം കഠിനതടവും 10000 രൂപ പിഴയും ലഭിക്കാവുന്ന കുറ്റത്തിന് കേസെടുക്കാൻ ജില്ലാ കളക്ടർ ഡോ. ഡി.സജിത്ബാബു പൊലീസിന് നിർദേശം നൽകി.
വിവാഹത്തിൽ പങ്കെടുത്ത എല്ലാവരും 14 ദിവസം സ്വയം നിരീക്ഷണത്തിൽ വീടുകളിൽ കഴിയണമെന്നും രോഗലക്ഷണങ്ങൾ പ്രകടമായാൽ തൊട്ടടുത്ത പ്രാഥമികാരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടേണ്ടതുമാണെന്ന് ജില്ലാകളക്ടർ ഡോ ഡി.സജിത് ബാബു അറിയിച്ചു. ഇത്തരം ചടങ്ങുകൾ ആളുകളെ വിളിച്ചുകൂട്ടി നടത്തുന്നതിൽ നിന്ന് ജനങ്ങൾ പിന്മാറണമെന്ന് കാസർകോട് ജില്ലാ ഭരണകൂടവും അറിയിച്ചു.