SignIn
Kerala Kaumudi Online
Saturday, 31 October 2020 10.21 AM IST

പുരുഷൻമാരെ കടക്ക് പുറത്ത്... ഇത് ആഫ്രിക്കയിലെ പൊന്നാപുരം കോട്ട

rebecca

ലോകം മുഴുവൻ കാൽക്കീഴിലാക്കിയെന്ന് അഹങ്കരിക്കുന്ന 'പുരുഷാധിപത്യത്തിന്' തരിമ്പും ഇടമില്ലാത്തൊരിടമുണ്ട് ഈ ഭൂലോകത്ത്. പ്രപഞ്ചത്തിലെ ഏക 'പെണ്ണരശുനാട്".

ആഫ്രിക്കയിലെ കെനിയയിലെ ഉമോജ ഉവാസോ എന്ന ഗ്രാമത്തിൽ സ്ത്രീകളാണ് ഹീറോ. ആണുങ്ങളെല്ലാം പടിക്ക് പുറത്ത്. ഗ്രാമം ഭരിക്കുന്നതും കാര്യങ്ങൾ നിയന്ത്രിക്കുന്നതും കുഞ്ഞുങ്ങളെ വളർത്തുന്നതുമെല്ലാം സ്ത്രീകൾ. ലോകത്തെ ഫെമിനിസ്റ്റുകളുടെ വാഗ്ദത്ത ഭൂമിയാണിവിടം. ഈ പെൺഗ്രാമത്തിന്റെ കഥയറിയാം.

പുരുഷൻമാരാണ് ഉമോജയെ സൃഷ്ടിച്ചത്. ഇവിടുത്തെ സ്ത്രീകളെ പുരുഷവിദ്വേഷികളാക്കിയത്.

ആഫ്രിക്കയിലെ സാംബുരുവർഗക്കാരിൽ സ്ത്രീകൾക്ക് അടിമകളുടെ വിലപോലുമുണ്ടായിരുന്നില്ല. ഭർത്താവിന്റെ ഉടമസ്ഥതയിലുള്ള വെറും ലൈംഗിക ഉപകരണം മാത്രം. ഭൂമിയിലോ, കന്നുകാലികളിലോ, എന്തിനേറെ അടുക്കളപാത്രങ്ങളിൽ പോലും അവർക്ക് അവകാശമുണ്ടായിരുന്നില്ല. സ്ത്രീ ലൈംഗികാവയവം ഛേദിക്കുന്ന ചേലാകർമ്മം ഉൾപ്പെടെയുള്ള പ്രാകൃത ആചാരങ്ങൾക്കും ഇവിടുത്തെ സ്ത്രീകൾ വിധേയരായിരുന്നു. രണ്ടും മൂന്നും ഇരട്ടി പ്രായമുള്ളവരെ കല്യാണം കഴിക്കേണ്ടി വരിക, ബലാത്സംഗത്തിന് ഇരയാകുക, ഗാർഹികപീഡനങ്ങൾ... തുടങ്ങി സഹനപർവമായിരുന്നു ഓരോ സാംബുരു സ്ത്രീയുടെയും ജീവിതം.

അങ്ങനെയിരിക്കെയാണ് ആ സംഭവമുണ്ടായത്. 1990ൽ ബ്രിട്ടീഷ് പട്ടാളം ഗ്രാമത്തിലെ 1400 ഓളം സ്ത്രീകളെ ക്രൂരമായി ബലാത്സംഗം ചെയ്തു. പുരുഷൻമാരാകട്ടെ, ആചാരപ്രകാരം 'ചീത്തയായ' തങ്ങളുടെ ഭാര്യമാരെ നിഷ്കരുണം ഉപേക്ഷിച്ചു. വീടുകളിൽനിന്ന് പുറത്താക്കി. ഗ്രാമത്തിൽ നിന്ന് ആട്ടിയോടിച്ചു. ഇങ്ങനെ വീടും ഗ്രാമവും നഷ്ടമായ സ്ത്രീകളാണ് ഉമോജ എന്ന ഗ്രാമം പണിതുയർത്തിയത്.

 ഉമോജുടെ റെബേക്ക

റബേക്ക ലോലോസോളി, എന്ന യുവതി ഒരു തീപ്പൊരിയായിരുന്നു. തന്നെ പോലെ ഭർത്താവിനാൽ ഉപേക്ഷിക്കപ്പെട്ട നിരവധിപ്പേരുണ്ടെന്ന് മനസിലാക്കിയ റെബേക്ക ഇവരെ കൂടെ കൂട്ടി എങ്ങനെയും അതിജീവിക്കുമെന്ന് പ്രതിജ്ഞ ചെയ്തു. അങ്ങനെ 50 സ്ത്രീകൾക്കൊപ്പം ചേർന്ന് റെബേക്ക1990-ൽ ഉമോജ സ്ഥാപിച്ചു.

ആദ്യഘട്ടത്തിൽ ഉമോജയിലെ പെണ്ണുങ്ങൾ അതിജീവനത്തിനായി നന്നേ കഷ്ടപ്പെട്ടു. നിശ്ചയദാർഢ്യം മാത്രമായിരുന്നു കൈമുതൽ. കന്നുകാലികളെ മേയ്ക്കാനും കൃഷി ചെയ്യാനും പച്ചക്കറി വിൽക്കാനുമൊക്കെ ശ്രമിച്ചെങ്കിലും എല്ലാം പാടെ പരാജയപ്പെട്ടു. താമസിയാതെ ഉമോജ, കെനിയ വൈൽഡ് ലൈഫ് സർവീസിന്റെ കണ്ണിൽപ്പെട്ടു. സ്ത്രീകളുടെ അതിജീവനത്തിനായി അവർ കൈകൾ നീട്ടി. ഉമോജയ്ക്ക് പറ്റുന്ന ബിസിനസുകൾ അവർ കാട്ടിക്കൊടുത്തു. കെനിയ ഹെറിറ്റേജ് ആൻഡ് സോഷ്യൽ സർവീസ് മന്ത്രാലയവും സഹായിച്ചു. അടുത്തുള്ള പുരുഷൻമാരുടെ വസ്തു വിലയ്ക്ക് വാങ്ങി പരമ്പരാഗത കരകൗശലവസ്തുക്കളുണ്ടാക്കുന്ന വ്യവസായം ഉമോജയിലെ സ്ത്രീകൾ ആരംഭിച്ചു. ഇത് ക്ളിക്കായി. പുരുഷാധിപത്യ സമൂഹം അപ്പോഴും ഇവരെ ഭയപ്പെടുത്തി, ഉപദ്രവിച്ചുകൊണ്ടിരുന്നു.

തുണയായത് ടൂറിസം

ആഭരണ നിർമ്മാണം കാണാനും കരകൗശല വസ്തുക്കൾ വാങ്ങാനുമൊക്കെ ഉമോജത്തേടി ടൂറിസ്റ്റുകളെത്തി തുടങ്ങി. ഇവരെ പുരുഷൻമാർ ഭീഷണിപ്പെടുത്താൻ തുടങ്ങി. പക്ഷെ, ഉമോജയിലെ പെണ്ണുങ്ങൾ വിട്ടുകൊടുത്തില്ല. ശക്തമായി പ്രതികരിച്ചു. ക്രമേണ പുരുഷൻമാർ പിൻവാങ്ങി. കൂടുതൽ ടൂറിസ്റ്റുകൾ ഉമോജയിലേക്കെത്തി. അതോടൊപ്പം സർക്കാരിന്റെ സഹായവും. ഉമോജ എന്ന ഗ്രാമത്തെ സർക്കാർ സ്ത്രീകളുടെ പേരിൽ പതിച്ചു നൽകി. ഇന്ന് ടൂറിസമാണ് ഉമോജയുടെ നട്ടെല്ല്. ഗ്രാമത്തിലെത്തുന്ന ടൂറിസ്റ്റുകൾക്ക് താമസിക്കാനുള്ള സൗകര്യവുമുണ്ട്.

ലോകം ഉമോജയിലേക്ക്

2005ൽ റബേക്ക യു.എൻ സന്ദർശിച്ചത് ഗ്രാമത്തിന്റെ ചരിത്രത്തിൽ നാഴികക്കല്ലായി മാറി. അങ്ങനെ ലോകത്തിനും മാദ്ധ്യമങ്ങൾക്കും ഉമോജയെന്ന പെൺഗ്രാമം പരിചിതമായിത്തുടങ്ങി.

ബലാത്സംഗം ചെയ്യപ്പെട്ട പെണ്ണുങ്ങൾ മാത്രമല്ല ഉമോജയിലുള്ളത്. പുരുഷാധിപത്യ സമൂഹത്തോട് പ്രതിഷേധമുള്ളവരും വിവാഹം കഴിക്കാൻ ഇഷ്ടമില്ലാത്തവരും തുടങ്ങി നിരവധിപ്പേരുണ്ടിവിടെ. ഗാർഹിക പീഡനം അനുഭവിക്കുന്ന കെനിയയിലെ സ്ത്രീകൾക്ക് ഏതു നിമിഷവും ഓടിയെത്താവുന്ന അഭയകേന്ദ്രമാണിത്. 2005ൽ ഇവിടെ 30 സ്ത്രീകളും അവരുടെ 50 കുട്ടികളുമാണ് ഉണ്ടായിരുന്നത്. 2015ൽ ഇത് 47 സ്ത്രീകളും 200 കുട്ടികളുമായി ഉയർന്നു. ഇപ്പോൾ കുട്ടികൾക്ക് പഠിക്കാൻ വിദ്യാലയങ്ങളും ഗ്രാമത്തിലുണ്ട്. തങ്ങളുടെ കുട്ടികൾ അറിവിന്റെ ലോകത്ത് വളരണമെന്ന പെണ്ണുങ്ങളുടെ നിശ്ചയദാർഢ്യമാണ് ഉമോജയുടെ വളർച്ചയ്ക്ക് പിന്നിൽ.
എന്നാൽ പുരുഷാധിപത്യ സമൂഹത്തിൽ ഇത്തരമൊരു ഗ്രാമത്തിന്റെ അതിജീവനം അത്ര എളുപ്പമായിരുന്നില്ല. സമീപ ഗ്രാമത്തിലുള്ളവർ ഉമോജയ്ക്ക് എതിരെ കോടതിയെ സമീപിച്ചു. ഗ്രാമം അടച്ചു പൂട്ടണമെന്നായിരുന്നു ഇവരുടെ ആവശ്യം. അത് നടപ്പായില്ല. 2009ൽ റബേക്കയുടെ ഭർത്താവും കൂട്ടരും ഗ്രാമത്തെ ആക്രമിച്ചു. ഇതോടെ പ്രാണരക്ഷാർത്ഥം റബേക്കയ്ക്ക് കുറച്ച് കാലം ഉമോജ വിട്ട് മാറി നിൽക്കേണ്ടി വന്നിരുന്നു.

 ജീവിത മാർഗം

ഉമോജയിലെ വനിതകളുടെ പ്രധാനപ്പെട്ട ഉപജീവനമാർഗം കരകൗശല വസ്തുക്കളുടെ വില്പനയാണ്. ഉമോജ വാസോ വിമൻസ് കൾച്ചറൽ സെന്ററിലാണ് ഇവർ കരകൗശല വസ്തുക്കൾ വിൽക്കുന്നത്. മറ്റെങ്ങും കണ്ടിട്ടില്ലാത്ത തരം വസ്തുക്കൾ ഇവിടെ കാണാം. വിദേശികൾക്ക് ഇവ വാങ്ങാം. ഇതാണ് പ്രധാനപ്പെട്ട വരുമാനമാർഗവും. തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്ന ബിയറും ലഭിക്കും. ഓൺലൈൻ വഴിയും സാമഗ്രികൾ വാങ്ങാനാകും. ടൂറിസ്റ്റുകൾക്കായി ഒരു ക്യാംപ്സൈറ്റുമുണ്ട്. ഇവിടെ താമസിക്കുന്ന എല്ലാ വനിതകളും അവരവരുടെ വരുമാനത്തിന്റെ 10 ശതമാനം ടാക്സായി നൽകുന്നുണ്ട്. വിദ്യാലയങ്ങളുടെയും മറ്റു സ്ഥാനപനങ്ങളുടെയും നടത്തിപ്പിനായാണ്

ഇതുപയോഗിക്കുന്നത്.

 ഗ്രാമം കാണാൻ വരാം

ഉമോജ ഗ്രാമത്തിലേക്ക് പുരുഷൻമാർക്ക് പ്രവേശനമില്ലെന്ന് കരുതരുത്. പുരുഷൻമാർക്ക് ഇവിടെ പ്രവേശിക്കാം. ഗ്രാമം കാണാം. സന്ദർശകരായി. എന്നാൽ ഒരു രാത്രി പോലും താമസിക്കാൻ അനുവാദമില്ല. പക്ഷേ, ഉമോജയിൽ തന്നെ ജനിച്ചു വളർന്ന ആണുങ്ങൾക്ക് ഇവിടെ താമസിക്കാൻ അനുവാദമുണ്ട്.

 സ്വാഹിലി ഭാഷയിൽ ഉമോജ എന്ന വാക്കിനർത്ഥം ഐക്യം എന്നാണ്. പേരിനെ അന്വർത്ഥമാക്കിക്കൊണ്ടാണ് ഉമോജയിലെ ജനങ്ങളുടെ വാസം. തലസ്ഥാന നഗരമായ നയ്റോബിയിൽ നിന്നും 380 കിലോമീറ്റർ അകലെയാണ് ഈ പെൺഗ്രാമം.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS SCAN
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.