SignIn
Kerala Kaumudi Online
Saturday, 31 October 2020 10.36 AM IST

ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ നിത്യപൂജ മുടങ്ങി

dronar

അസാധാരണ സാഹചര്യത്തിൽ അസാധാരണ സംഭവങ്ങൾ സ്വാഭാവികമാണെന്ന് സ്പ്രിൻക്ലർ കരാറുണ്ടായ അന്തരാള ഘട്ടത്തിൽ പിണറായി സഖാവും പിന്നാലെ കോടിയേരി സഖാവും വെളിപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം പാളയത്തെ ഓ.ടി.സി ഹനുമാൻ ക്ഷേത്രത്തിനടുത്തായി സ്ഥിതി ചെയ്യുന്ന ജനാധിപത്യത്തിന്റെ ശ്രീകോവിലാണ് നിത്യപൂജയ്ക്ക് പോലും നിവൃത്തിയില്ലാതെ ദുരിതമനുഭവിക്കുന്നത്. നിത്യപൂജ മുടങ്ങിയാൽ ധനനഷ്ടം, മാനഹാനി എന്നിത്യാദി ദോഷങ്ങൾ ശ്രീകോവിലിന്റെ ഊരാണ്മക്കാരന് സംഭവിക്കാമെന്നാണ് പറയപ്പെടുന്നത്. അതനുസരിച്ച് ഈയിടെ ശ്രീരാമകൃഷ്ണൻസഖാവിന് അല്ലറചില്ലറ സമാധാനക്കേടൊക്കെ ഉണ്ടായിട്ടുണ്ട്. സ്വപ്നകേരളത്തിൽ അങ്ങനെ ചിലതൊക്കെ പ്രതീക്ഷിക്കേണ്ടത് തന്നെയാണ്, എങ്കിലും... അതവിടെ നിൽക്കട്ടെ.

ജനാധിപത്യത്തിന്റെ ശ്രീകോവിൽ നട തുറക്കാനും പൂജാദികർമ്മങ്ങൾ പൂർവ്വാധികം ഭംഗിയോടെ നടത്താനും പിണറായി സഖാവ് ആൻഡ് കോ. ആലോചിച്ചപ്പോൾ തന്നെ,​ ഉടനടി ശത്രുസംഹാര ദോഷം തീർക്കാനായി ഒരു അവിശ്വാസപ്രമേയഹോമവും ഒരു സ്പീക്കർ 'തിലഹോമ'വും തന്ത്രിപ്രമുഖരായ ചെന്നിത്തലഗാന്ധിയാദികൾ കല്പിക്കുകയുണ്ടായി. പരിഹാരക്രിയകൾ ഈ മഹാമാരിയുടെ കാലത്ത് വേണ്ടിയിരുന്നില്ല എന്ന് പറഞ്ഞാലും ചെന്നിത്തലഗാന്ധി കൂട്ടാക്കില്ല എന്നുറപ്പായിരുന്നു. അതിനാൽ ശ്രീരാമകൃഷ്ണൻ സഖാവ് അന്നുതൊട്ട് ചിന്താമഗ്നനായിരുന്നു.

കൊവിഡ് മഹാമാരിയുടെ ഇടപെടൽ തക്കസമയത്ത് തന്നെയുണ്ടായി. ജനാധിപത്യ ശ്രീകോവിലിനകത്ത് പൂജ നടത്താൻ നിയുക്തരായവരിൽ പലരും റിവേഴ്സ് ക്വാറന്റൈനിൽ കിടക്കേണ്ടവരാണ്. പഹയൻ വൈറസാണെങ്കിൽ അവരെ നോക്കി കണ്ണിറുക്കിക്കൊണ്ടിരിക്കുന്നു. വിമാനത്തിൽ കയറിയത് പോലെയാണ് ഈ ശ്രീകോവിലിനകത്ത് കയറിയാലെന്ന് ബാലൻമന്ത്രി സാക്ഷ്യപ്പെടുത്തുന്നു. വായുസഞ്ചാരമില്ല. പോരാത്തതിന് എയർകണ്ടിഷനും. ഈ സ്ഥിതിക്ക് റിവേഴ്സ് ക്വാറന്റൈൻകാർ കൂട്ടത്തോടെ വന്നിരുന്ന് ഹോമം നടത്താനൊരുങ്ങിയാൽ സമൂഹവ്യാപനം ഉറപ്പാണ്. തന്ത്രിപ്രമുഖനായ ചെന്നിത്തലഗാന്ധിയോട് ഇക്കാര്യം പറഞ്ഞ് ബോദ്ധ്യപ്പെടുത്തിയെന്നാണ് ബാലൻമന്ത്രിയുടെ വെളിപ്പെടുത്തൽ.

ചില അരമന രഹസ്യങ്ങളൊന്നും പുറത്ത് പറയാൻ പാടില്ലെന്ന് ബാലൻമന്ത്രിക്കറിയാത്തതല്ല. പക്ഷേ ബാലൻമന്ത്രി ഇക്കാര്യം പുറത്ത് പറഞ്ഞുകളഞ്ഞു. നിയമസഭാസമ്മേളനം മാറ്റിയത് രാഷ്ട്രീയകാരണങ്ങളാൽ ആണെന്ന് ചെന്നിത്തലഗാന്ധി പറഞ്ഞ വിവരം കേട്ടപ്പോൾ അദ്ഭുത പരതന്ത്രനായിപ്പോയിയെന്നാണ് പിണറായി സഖാവിന്റെ സാക്ഷ്യപ്പെടുത്തൽ. അതെന്ത് കൊണ്ടങ്ങനെ എന്ന് ചോദിച്ചപ്പോൾ, ചിലതൊന്നും പുറത്ത് പറയരുതല്ലോ എന്ന മട്ടിൽ തലകുലുക്കിച്ചിരിക്കുകയുമുണ്ടായി.

ശരിക്കും ചെന്നിത്തല ഗാന്ധിക്ക് പിണറായി സഖാവും ബാലൻസഖാവും പറഞ്ഞുകൊടുത്ത കാര്യങ്ങൾ ബോദ്ധ്യപ്പെട്ടതായിരുന്നോ? ഇല്ല എന്നാണ് ചെന്നിത്തല ഗാന്ധി ആണയിടുന്നത്. അതിനെ അവിശ്വസിക്കേണ്ട കാര്യമില്ല. കാരണം ഗാന്ധി പറഞ്ഞാൽ പറഞ്ഞതാണ്. 'ക്വിറ്റ് ഇന്ത്യ' എന്ന് ബ്രിട്ടീഷുകാരുടെ മുഖത്ത് നോക്കി വിളിച്ചുപറയാൻ അക്കാലത്ത് ജീവിച്ചിരിപ്പുണ്ടായിരുന്നെങ്കിൽ അദ്ദേഹം മടിക്കുമായിരുന്നില്ല. അപ്പറച്ചിൽ കേട്ടാൽ ബ്രിട്ടീഷുകാർ അപ്പോഴേ കിട്ടിയതെല്ലാം പെറുക്കിയെടുത്ത് സ്ഥലം കാലിയാക്കിയേനെ. 1947വരെ കാത്തിരിക്കേണ്ടി വരുമായിരുന്നില്ല.

പിണറായി സർക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത് കാരണം സർക്കാർ പെട്ടെന്ന് കൊവിഡ് മഹാമാരിയെക്കുറിച്ചോർത്ത് പോയിയെന്നാണ് ചെന്നിത്തല ഗാന്ധിയുടെ ആളുകൾ പറഞ്ഞുനടക്കുന്നത്. പിണറായി സഖാവും ബാലൻസഖാവും വിളിച്ചപ്പോൾ, 'പിടിച്ചു ഞാനവനെന്നെ കെട്ടി, കൊടുത്തു ഞാനവനെനിക്ക് രണ്ട്...' എന്ന മട്ടിൽ ചിലതെല്ലാം ചെന്നിത്തല ഗാന്ധി പറഞ്ഞത് കേട്ടവരുണ്ട്. ആർക്കും ഒന്നും മനസ്സിലാവാത്ത വിധത്തിലായിരുന്നുവത്രെ ഇത്. സംഗതി സത്യമാണോ എന്നറിയാൻ ഇപ്പോഴത്തെ ട്രെൻഡനുസരിച്ച് ഒരു എൻ.ഐ.എ അന്വേഷണം ഏർപ്പാട് ചെയ്യാവുന്നതാണ്.

............................

- സെക്രട്ടേറിയറ്റിനകത്ത് എൻ.ഐ.എ കയറിയെന്നും കയറാൻ പോകുന്നുവെന്നുമെല്ലാം ആളുകൾ പറഞ്ഞ് നടക്കുന്നുണ്ട്. സെക്രട്ടേറിയറ്റിനകത്ത് അങ്ങനെ ആരെല്ലാം കയറുന്നു. അക്കൂട്ടത്തിൽ ഒരു എൻ.ഐ.എ കൂടി കയറിയെന്ന് വച്ച് സെക്രട്ടേറിയറ്റ് മന്ദിരത്തിൽ ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തേണ്ടതിന്റെ ആവശ്യമൊന്നുമില്ല. കൂടിപ്പോയാൽ അല്പം സാനിറ്റൈസർ തേച്ച് കൈകളൊന്ന് ശുദ്ധിയാക്കിയാൽ മതി.

എൻ.ഐ.എയ്ക്ക് എവിടെ വേണമെങ്കിലും കയറാനുള്ള പെർമിഷൻ പിണറായി സഖാവ് മുൻകൂറായി തന്നെ നൽകിയിട്ടുണ്ട്. ഈ സ്ഥിതിക്ക് സെക്രട്ടേറിയറ്റിൽ എൻ.ഐ.എ കയറിയെന്നും അതിന് പിണറായി സഖാവ് രാജി വച്ച് പോകണമെന്നും ചെന്നിത്തലഗാന്ധി ആവശ്യപ്പെടുന്നതിൽ എന്താണ് യുക്തി?

അതൊക്കെ മോഹങ്ങളല്ലേ എന്ന് പിണറായി സഖാവ് ചോദിച്ച് പോയത് അതുകൊണ്ടായിരുന്നു. അങ്ങനെ എന്തെല്ലാം മോഹങ്ങളുണ്ടാവും എന്നും പിണറായി സഖാവ് നീട്ടിച്ചോദിക്കുകയുണ്ടായി. അത് ചെന്നിത്തല ഗാന്ധിക്ക് എന്തെങ്കിലുമൊക്കെ മോഹം ഉള്ളിലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടാണോ? പിണറായി സഖാവ് രാജിയും വച്ച് എഴുന്നേറ്റ് പോയാൽ ആ കസേരയിലിരിക്കാൻ ചെന്നിത്തല ഗാന്ധി വരുമെന്ന് പിണറായി സഖാവ് കരുതുന്നുണ്ടോ? അറിയില്ല, മന്നവാ അറിയില്ല!

ഇ-മെയിൽ: dronar.keralakaumudi@gmail.com

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: VARAVISESHAM
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.