തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് മൂലം മരിച്ചവരുടെ എണ്ണം ആറായി. വെളളിയാഴ്ച മരിച്ച ആലപ്പുഴ കോടംതുരുത്ത് സ്വദേശി ശാദരയ്ക്ക് സ്രവപരിശോധയിൽ കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് മരണസംഖ്യ ഉയർന്നത്. ഇതോടെ കൊവിഡ് മൂലം സംസ്ഥാനത്ത് ഇതുവരെ മരിച്ചവരുടെ എണ്ണം അറുപത്തഞ്ചായി. ശാരദയുടെ കുടുംബാംഗങ്ങൾക്കും കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.
മലപ്പുറം തിരൂരങ്ങാടി സ്വദേശി അബ്ദുൾ ഖാദർ, കുമ്പള ആരിക്കാടി സ്വദേശി അബ്ദുൾ റഹ്മാൻ , ഇരിങ്ങാലക്കുട പളളൻ വീട്ടിൽ വർഗ്ഗീസ് പളളൻ, കോട്ടയം സ്വദേശി യൗസേഫ് ജോർജ്,കോഴിക്കോട് സ്വദേശി ഷാഹിദ എന്നിവരുടെ മരണമാണ് നേരത്തേ റിപ്പോർട്ടുചെയ്തത്.
അബ്ദുൾ ഖാദറിന് 71 വയസായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെയാണ് മരണം സംഭവിച്ചത്. പ്രമേഹ രോഗിയായിരുന്നു. ഈ മാസം 19നാണ് അബ്ദുൾ ഖാദറിന് കൊവിഡ് സ്ഥിരീകരിച്ചത്. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇരുപത്തൊന്നിന് വെന്റിലേറ്ററിലേക്ക് മാറ്റി. രോഗത്തിന്റെ ഉറവിടം കണ്ടെത്താനായിട്ടില്ല.
കാസർകോട് കുമ്പള ആര്യാക്കടവിൽ അബ്ദുൾ റഹ്മാനാണ് മരിച്ച രണ്ടാമത്തെയാൾ. 70 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖമുണ്ടായിരുന്നു. ഇദ്ദേഹത്തിന്റെ മരണത്തോടെ ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം അഞ്ചായി.
കൊവിഡ് മൂലം മരിച്ച ഇരിങ്ങാലക്കുട കൂത്തുപറമ്പ് പളളൻ വീട്ടിൽ വർഗ്ഗീസ് പളളൻ റിട്ട. കെ എസ് ഇ ജീവനക്കാരനായിരുന്നു. ഇയാളെ ജൂലൈ 18 നാണ് കൊവിഡ് ബാധിച്ച് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്.
കോഴിക്കോട്ട് കഴിഞ്ഞ ദിവസം മരിച്ച ഷാഹിദയുടെ അന്തിമ കൊവിഡ് പരിശോധനാ ഫലം പോസിറ്റീവെന്ന് സ്ഥിരീകരിച്ചു. അർബുദ രോഗിയായിരുന്ന ഇവരുടെ മാതാവ് റുഖിയാബിയും കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ചിരുന്നു. കഴിഞ്ഞ ദിവസം മരിച്ച കോട്ടയം സ്വദേശി യൗസേഫ് ജോർജിന്റെ കൊവിഡ് പരിശോധനാഫലവും പോസിറ്റീവായിരുന്നു.