കൊച്ചി: മണിക്കൂറുകൾ നീണ്ട ചോദ്യം ചെയ്യലിന് ശേഷം ശിവശങ്കറിനെ വിട്ടയച്ച് എൻ.ഐ.എ അന്വേഷണ സംഘം. പത്ത് മണിക്കൂറിലധികം നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് അദ്ദേഹത്തെ വിട്ടയച്ചത്. ശേഷം അദ്ദേഹം താമസസ്ഥലത്തേക്ക് മടങ്ങിപ്പോയിട്ടുമുണ്ട്. കൃത്യമായി പത്തര മണിക്കൂർ സമയമാണ് സ്വർണക്കടത്ത് കേസ് അന്വേഷിക്കുന്ന അന്വേഷണ സംഘം അദ്ദേഹത്തെ ചോദ്യം ചെയ്തത്.
ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യലിനായി എൻ.ഐ.എ വിളിപ്പിക്കാനുള്ള സാദ്ധ്യത നിലനിൽക്കുന്നുണ്ട്. എന്നാൽ ശിവശങ്കറിനെ കേസിൽ പ്രതി ചേർക്കാൻ ആവശ്യമായ തെളിവുകൾ എൻ.ഐ.എ സംഘത്തിന് ലഭിച്ചിട്ടില്ല എന്നും വിവരമുണ്ട്. തുടർച്ചയായ രണ്ടാം ദിനമാണ് എൻ.ഐ.എ സംഘം സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് ആരോപണം നേരിടുന്ന ശിവശങ്കറിനെ ചോദ്യം ചെയ്യുന്നത്.
ശിവശങ്കർ അന്വേഷണവുമായി പൂർണമായും സഹകരിക്കുന്നുണ്ടെന്നും എൻ.ഐ.എ അന്വേഷണ സംഘം ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ വിളിച്ചപ്പോഴെല്ലാം മടിയേതും കാട്ടാതെ ശിവശങ്കർ കൊച്ചിയിലേക്കും തിരുവനന്തപുരത്തെ എൻ.ഐ.എ ഓഫീസിലേക്കും ചെന്നതായും അദ്ദേഹത്തിന്റെ അഭിഭാഷകൻ എസ്. രാജീവ് പറയുന്നു.
എൻ.ഐ.എയുടെ മാത്രമല്ല, കസ്റ്റംസിന്റെയും ചോദ്യം ചെയ്യലിൽ അദ്ദേഹം സഹകരിച്ച കാര്യവും അഭിഭാഷകൻ എടുത്തുകാട്ടി. ശിവശങ്കറിന് കേസിൽ മുൻകൂർ ജാമ്യത്തിന്റെ ആവശ്യമേയില്ല. കാരണം, അദ്ദേഹം പറയുന്ന കാര്യങ്ങളെല്ലാം അത്രകണ്ട് വ്യക്തമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ശിവശങ്കറിന്റെ അറസ്റ്റിലേക്ക് കടക്കില്ലായെന്നും അഭിഭാഷകൻ എസ്. രാജീവ് ഉറപ്പിച്ച് പറഞ്ഞിരുന്നു. നിലവിൽ ശിവശങ്കറിനെ അറസ്റ്റ് ചെയ്യുന്ന നടപടികളിലേക്ക് എൻ.ഐ.എ കടന്നിട്ടില്ല.