SignIn
Kerala Kaumudi Online
Monday, 26 October 2020 6.37 AM IST

‘എന്റെ രാമൻ റഹീമുമാണ് ' എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്, ബിജെപിയെക്കാൾ മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് ഇറക്കുന്നതെന്ന ആക്ഷേപവുമായി കോടിയേരി

kodiyeri

തിരുവനന്തപുരം: ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുവർഗീയതയ്ക്ക് മേൽക്കൈ കിട്ടാനുള്ള വർഗീയക്കാർഡാക്കി ശ്രീരാമനെയും അയോധ്യയിലെ രാമക്ഷേത്രത്തെയും സംഘപരിവാർ മാ‌റ്റുമ്പോൾ 'എന്റെ രാമൻ റഹീമുമാണ്' എന്ന ഗാന്ധിജിയുടെ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്‌തിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ബിജെപിയെക്കാൾ മൃദുഹിന്ദുത്വ കാർഡിറക്കുന്ന തിരിച്ചറിവില്ലാതെ കോൺഗ്രസുകാർക്ക് വഴികാട്ടിയായി ഗാന്ധിജിയുടെ രാമ സങ്കൽപ്പം മാറേണ്ടതുണ്ടെന്നും ഫേസ്‌ബുക്കിൽ പോസ്‌റ്റ് ചെയ്‌ത കുറിപ്പിലൂടെ കോടിയേരി ഓർമ്മിപ്പിക്കുന്നു.

കോടിയേരിയുടെ ഫേസ്ബുക്ക് പോസ്‌റ്റ് പൂർണരൂപം ഇങ്ങനെ

‘എന്റെ രാമൻ റഹീമുമാണ് ' എന്ന ഗാന്ധിജിയുടെ പ്രശസ്തമായ വാക്കുകൾക്ക് ഇന്ന് ഏറെ പ്രസക്തിയുണ്ട്.
ഇന്ത്യൻ സമൂഹത്തിൽ ഹിന്ദുവർഗീയതയ്ക്ക് മേൽക്കൈ കിട്ടാനുള്ള വർഗീയക്കാർഡാക്കി ശ്രീരാമനെയും അയോധ്യയിലെ രാമക്ഷേത്രത്തെയും സംഘപരിവാരം വീണ്ടും സജീവമാക്കുമ്പോൾ, തിരിച്ചറിവില്ലാത്ത കോൺഗ്രസുകാർക്ക് വഴികാട്ടിയായി ഗാന്ധിജിയുടെ രാമ സങ്കൽപ്പം മാറേണ്ടതുണ്ട്.

മുസ്ലിമിനെ ശത്രുവായി കാണുന്ന, അന്യമതസ്ഥരുടെ ആരാധനാലയങ്ങൾ പൊളിക്കുന്ന കലിയും അപസ്മാരവുമാണ് ശ്രീരാമനാമത്തിന്റെ മറവിൽ ബിജെപിക്കുള്ളത്. എന്നാൽ, ശ്രീരാമകൃഷ്ണ പരമഹംസനും സ്വാമി വിവേകാനന്ദനും ശ്രീനാരായണ ഗുരുവും തിലകനും ഗാന്ധിജിയും ടാഗോറുമൊന്നും ഹിന്ദുമതത്തിന്റെ ശത്രുക്കളായി മുസ്ലിംമതത്തെയോ മറ്റേതെങ്കിലും ന്യൂനപക്ഷ സമുദായങ്ങളെയോ കണ്ടില്ല.

ബാബ്‌റി പള്ളി തകർത്തിടത്ത് അമ്പലം പണിയുന്നത് ദേശീയ ആഘോഷമാക്കുന്നതിന്‌ ആഗസ്‌ത്‌ അഞ്ച്‌ തെരഞ്ഞെടുത്തതിലൂടെ മോഡിയുടെയും കൂട്ടരുടെയും അന്യമത വിദ്വേഷത്തിന്റെയും വർഗീയതയുടെയും ആഴം എത്ര വലുതാണെന്ന് ബോധ്യപ്പെടുന്നു. കഴിഞ്ഞ വർഷം ഇതേദിവസമാണ് ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പ്രദാനംചെയ്ത ഭരണഘടനയുടെ 370-ാം വകുപ്പും അതുമായി ബന്ധപ്പെട്ട ആർട്ടിക്കിൾ 35എയും ജമ്മു കശ്മീർ പുനഃസംഘടനാ നിയമവും രാഷ്ട്രപതിയുടെ ഉത്തരവിലൂടെയും ലോക്‌സഭാ പ്രമേയത്തിലൂടെയും റദ്ദാക്കപ്പെട്ടത്. ഇത് രാജ്യത്തിന്റെ ഭരണഘടനയ്ക്കും ജനാധിപത്യത്തിനും ഫെഡറലിസത്തിനും മതനിരപേക്ഷതയ്ക്കും നേരെയുള്ള ഭരണകൂടത്തിന്റെ മിന്നലാക്രമണമായിരുന്നു. ഇതേത്തുടർന്ന് മുസ്ലിം വിവാഹമോചനംമാത്രം ക്രിമിനൽ കുറ്റമാക്കുന്ന ‘മുത്തലാഖ് ബില്ലും' മുസ്ലിം അഭയാർഥികളെ തടങ്കൽപ്പാളയത്തിലാക്കാൻ ലാക്കാക്കുന്ന പൗരത്വഭേദഗതി നിയമവും വന്നു. പൗരത്വഭേദതിക്കെതിരെ രാജ്യത്ത് അതിശക്തമായ പ്രക്ഷോഭം വളരുകയും അത് മറ്റൊരു സ്വാതന്ത്ര്യസമര പ്രക്ഷോഭത്തിന്റെ പ്രതീതി ജനിപ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തിലാണ് കോവിഡ് പൊട്ടിപ്പുറപ്പെടുകയും പ്രക്ഷോഭം നിർത്തിവയ്ക്കുകയും ചെയ്തത്. അയോധ്യ, മുത്തലാഖ്, പൗരത്വഭേദതി തുടങ്ങിയ വിഷയങ്ങളിലെല്ലാം ‘കൈപ്പത്തി'യെ ‘താമര'യേക്കാൾ പ്രിയങ്കരമാക്കാനുള്ള മൃദുഹിന്ദുത്വ കാർഡാണ് കോൺഗ്രസ് എല്ലായ്‌പോഴും ഇറക്കുന്നത്. അയോധ്യയിൽ പള്ളി പൊളിക്കാൻ കാവിപ്പടയ്ക്ക് അന്നത്തെ കോൺഗ്രസ് നേതാവായ പ്രധാനമന്ത്രി നരസിംഹറാവു കൂട്ടുനിന്നത് അതുകൊണ്ടാണ്. റാവുവിന്റെ പാരമ്പര്യം പിൻപറ്റിയാണ് ഇവിടത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തന്റെ രാഷ്ട്രീയപ്പടവുകൾ കയറുന്നത്. ബിജെപിയും കോൺഗ്രസും മുസ്ലിംലീഗും ഇവിടെ മുഖ്യശത്രുവായി കാണുന്നത് എൽഡി എഫിനെയും വിശിഷ്യാ സിപിഐ എമ്മിനെയുമാണ്. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയനെതിരെ അടിസ്ഥാനമില്ലാത്ത കെട്ടുകഥകൾ മെനയാനും സർക്കാരിനെ അസ്ഥിരപ്പെടുത്താനുമാണ് ഉത്സാഹിക്കുന്നത്. ആർഎസ്എസ് അനുഭാവിയുടെ മകനായ ചെന്നിത്തലയ്ക്കുവേണ്ടി ജന്മഭൂമി പത്രം വക്കാലത്ത് എടുത്തത് വെറുതെയല്ല. ആർഎസ്എസുകാരേക്കാൾ നന്നായി അവരുടെ കുപ്പായം ഇന്ന് കേരളത്തിൽ അണിയുന്നത് ചെന്നിത്തലയാണ്. പിണറായി സർക്കാരിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാവിലെ പറയുന്നത് വെയിലാറുംമുമ്പേ ചെന്നിത്തല ആവർത്തിക്കും. ഇതുകൊണ്ടുമാത്രമായി അവസാനിക്കുന്നതല്ല ആർഎസ്എസ് - കോൺഗ്രസ് ബാന്ധവം. കോൺഗ്രസിനുള്ളിലെ ആർഎസ്എസിന്റെ സർസംഘ് ചാലകായി ചെന്നിത്തല മാറിയിരിക്കുകയാണ്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: KODIYERI SAYS CHENNITHALA IS RSS SARSANGCHALAK, KODIYERI BALAKRISHNAN, CONGRESS, RSS, CPM, CPIM
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.