കൊട്ടിയൂർ (കണ്ണൂർ): കാടിറങ്ങി നാട്ടിലേക്ക് വരുന്ന ഏത് കൊലക്കൊമ്പനെയും മുട്ടുകുത്തിക്കാൻ ശ്രീലങ്കയിൽ വിജയിച്ച കരിമ്പന പദ്ധതി കേരളത്തിലെത്തുന്നു. പന്ന്യാംമലയിലാണ് ആദ്യം പരീക്ഷിക്കുന്നത് കൊട്ടിയൂർ വന്യജീവി സങ്കേതത്തിലെ പന്ന്യാംമലയിൽ വൈദ്യുത വേലിയില്ലാത്ത ഭാഗത്താണ് ജൈവവേലിയായി കരിമ്പനകൾ തുടക്കത്തിൽ നടുന്നത്. നൂറ് വർഷത്തിലേറെ ആയുസുള്ളതാണ് കരിമ്പന.
കാട്ടാനകളെ കൊണ്ട് പൊറുതിമുട്ടുന്ന സംസ്ഥാനത്തെ മുഴുവൻ വനാതിർത്തികളിലും പ്രകൃതിക്ക് ഇണങ്ങുന്ന വേലിയായി കരിമ്പനകൾ വളർത്തും. വന്യമൃഗങ്ങൾ ജനവാസ കേന്ദ്രങ്ങളിലെത്തുന്നത് തടയാൻ ഇന്ത്യയിലാദ്യമായാണ് കരിമ്പനവേലി ഒരുക്കുന്നത്. ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ മുൻകൈയെടുത്താണ് പദ്ധതി പരീക്ഷിക്കുന്നത്. ആദ്യഘട്ടമായി 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പാൽമിറ പാം എന്നറിയപ്പെടുന്ന ഏഷ്യൻ കരിമ്പനകൾ (ശാസ്ത നാമം ബോറാസസ് ഫ്ലാബെല്ലിഫെർ) ആണ് വളർത്തുന്നത്.
ഒരു കിലോമീറ്ററിൽ 1000 പനകൾ
പരീക്ഷണാർത്ഥം ഒരു കിലോമീറ്റർ നീളത്തിലാണ് പനകൾ നടുന്നത്. ഒരു മീറ്റർ അകലത്തിൽ 1000 പനകൾ. അങ്ങനെ നാല് വരികൾ. അഞ്ചു വർഷത്തിൽ പൂർണ വളർച്ചയെത്തും. അര മീറ്ററിലേറെ വണ്ണത്തിലും 30 മീറ്ററോളം ഉയരത്തിലും വളരും. ചെറുതായിരിക്കുമ്പോൾ തന്നെ വന്യമൃഗങ്ങളെ പ്രതിരോധിക്കും. നാലുവരിയായി പനകൾ വളരുമ്പോൾ ഒരു വന്മതിലാവും. കാട്ടാനകൾക്ക് കടക്കാനാവില്ല. കരിമ്പനയ്ക്ക് നൂറ് വർഷത്തിലേറെ ആയുസുള്ളതിനാൽ കാടിനും നാടിനും ദീർഘകാല കാവലാകും. ആഴത്തിൽ ഇറങ്ങുന്ന വേരുകൾ മണ്ണിലെ ജലാംശം സംരക്ഷിക്കും. തൂക്കണാംകുരുവി ഉൾപ്പെടെ നിരവധി പക്ഷികളുടെ ആവാസ കേന്ദ്രവുമാണ് കരിമ്പന.
തെങ്ങ് പോലെ കൽപ്പവൃക്ഷം
കേരളത്തിന് തെങ്ങ് പോലെയാണ് ശ്രീലങ്കയിലും തമിഴ്നാട്ടിലും കരിമ്പന. പനങ്കായയിൽ (പനംനൊങ്ക്) നിന്ന് നീര, പനഞ്ചക്കര, പനംകൽക്കണ്ടം, സ്ക്വാഷ്, ബേബി ഫുഡ്, ജാം തുടങ്ങി ഇരുപതോളം ഭക്ഷ്യ വിഭവങ്ങൾ ഉത്പാദിപ്പിക്കാം. പനയോല, നാര്, തടി എന്നിവയിൽ നിന്ന് കരകൗശല വസ്തുക്കളും ഉണ്ടാക്കാം. നാര് കയറാക്കാം. തടി വിറകായും ഉപയോഗിക്കാം. ഒരു പനയിൽ നിന്ന് ശരാശരി 4000 രൂപ വരെ വാർഷിക വരുമാനം കിട്ടുമെന്നാണ് കണക്ക്.
വനത്തിന്റെയും വനാതിർത്തിയിലുള്ള ജനങ്ങളുടെയും സംരക്ഷണം ഉറപ്പാക്കണം. ജനങ്ങളെക്കൂടി ഉൾപ്പെടുത്തിയുള്ള പ്രവർത്തനമാണ് വനം വകുപ്പ് ലക്ഷ്യമാക്കുന്നത്.
--എ. ഷജ്ന കരീം
ആറളം വൈൽഡ് ലൈഫ് വാർഡൻ