കണ്ണൂർ: പർവതങ്ങളോടുള്ള പ്രണയം കാരണം വിവാഹം ചെയ്യാൻ പോലും മനീഷ് മറന്നു. കഴിഞ്ഞ 16 വർഷത്തിനുള്ളിൽ ഈ നാല്പതുകാരൻ കീഴടക്കിയത് ഇന്ത്യയിലെ 14 പർവതങ്ങൾ. പേരിൽ മാത്രം കുന്നുള്ള നാടായ ചെറുകുന്നിനു സമീപം കണ്ണപുരം ഇടക്കേപ്പുറത്തെ കെ.വി. മനീഷ് കുമാർ സ്വന്തം പേരിൽ പർവതാരോഹണത്തിന്റെ റെക്കാഡ് തുന്നിച്ചേർക്കാനുള്ള ശ്രമത്തിലാണ്. എവറസ്റ്റ് കീഴടക്കാനുള്ള ഒരുക്കത്തിലായിരിക്കെയാണ് കൊവിഡ് ഭീതി പരന്നത്.
കൈയടിച്ച് പ്രോത്സാഹിപ്പിക്കാൻ ഒരു കാഴ്ചക്കാരൻ പോലുമില്ലാത്ത സാഹസിക വിനോദത്തിൽ നിന്നു പിന്തിരിക്കാൻ പലരും ശ്രമിച്ചെങ്കിലും മനീഷ് വഴങ്ങിയില്ല. തെങ്ങിലും മാവിലും കയറി മാത്രം ശീലമുള്ള നീ എങ്ങനെ പർവതം കീഴടക്കും എന്നു ചോദിച്ചവരുമുണ്ട്. -37 ഡിഗ്രി താപനിലയിൽ ഉയരങ്ങളിലെത്തുമ്പോൾ ശ്വാസതടസം നേരിട്ട നിമിഷങ്ങൾ നിരവധിയുണ്ടായെങ്കിലും പിന്മാറിയിട്ടില്ല. കാവിലെ വളപ്പിൽ ഗോവിന്ദന്റെയും മീനാക്ഷിയുടെയും മൂത്തമകന് കുട്ടിക്കാലം മുതൽക്കു പർവതാരോഹണത്തിൽ കമ്പം കയറിയിരുന്നു. പത്താം ക്ളാസിൽ പഠിച്ച എവറസ്റ്റ്, ആൽപ്സ് തുടങ്ങിയ പർവതങ്ങളാണ് മനീഷിനെ ഇതിലേക്ക് വഴി തെളിച്ചത്.
കൂലിപ്പണിയെടുത്ത് കിട്ടിയ കുറച്ച് പണം മാത്രമായിരുന്നു മൂലധനം. അതുമായി ഡൽഹിയിലേക്ക് ട്രെയിൻ കയറി. മനാലിയിലെ അടൽബിഹാരി മൗണ്ടനീയറിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ പർവതാരോഹണത്തിന്റെ ബേസിക് കോഴ്സിനു ചേരാനുള്ള യാത്ര. 2004 ലായിരുന്നു അത്. രണ്ട് വർഷം കഴിഞ്ഞ് 17100 അടിയുള്ള മനാലിയിലെ ഫ്രന്റ്സ് ഷിപ്പ് പർവതം 20 ദിവസം കൊണ്ടുകീഴടക്കി. 35 പേരടങ്ങുന്ന സംഘത്തിൽ ദക്ഷിണേന്ത്യയിൽ നിന്നുള്ള ഏക അംഗമായിരുന്നു മനീഷ്. മഞ്ഞുമലയിൽ പിക്കാസ് കുത്തിയിറക്കി ഐസ് പാളികളെ വകഞ്ഞു മാറ്റിയുള്ള യാത്ര. ഐസ് ഉരുക്കി വെള്ളം കുടിച്ചും ലഘുഭക്ഷണം കഴിച്ചും മുകളിലെത്തിയപ്പോൾ ആവേശം.
വലിയ പർവതാരോഹണത്തിന് ബേസിക് കോഴ്സ് മാത്രം പോരെന്നു തിരിച്ചറിഞ്ഞ മനീഷ് ഡാർജിലിംഗിലെ ഹിമാലയ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൗണ്ടനീയിറിംഗ്, നെഹ്റു ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മൗണ്ടനീയറിംഗ് എന്നിവിടങ്ങളിലും വിവിധ കോഴ്സുകൾ ചെയ്തു.
കീഴടക്കിയ പർവതങ്ങൾ
ഫ്രേപീക്ക്- 6096 മീറ്റർ
ദ്രൗപതി കാന്തദന്തടു- 5644 മീറ്റർ
ഗംഗോത്രി- 2033 മീറ്റർ
ആദു ഗരിയ - 5850 മീറ്റർ
ശിവലിംഗ്- 6543 മീറ്റർ
ജയ്നോലി- 6633 മീറ്റർ
ഖർച്ച കുണ്ഡ്- 6632 മീറ്റർ
ഇന്ത്യാ- ചൈന അതിർത്തിയിലെ ലാഹോൽസ് പിത്തി- 5548 മീറ്റർ
റിമോ- 7385 മീറ്റർ
നന്ദാദേവി ഈസ്റ്റ്- 7485 മീറ്റർ
മണിരംഗ് - 6594 മീറ്റർ
മുൽക്കില നാല് - 6517 മീറ്റർ
കസ്ക ടെറ്റ് - 6461 മീറ്റർ
''ഇപ്പോൾ നാട്ടിൽ ചെറിയ വർക്ക് ഷോപ്പ് നടത്തുന്നുണ്ട്. സമ്പത്തുമുണ്ടാക്കണം. ഇനിയുള്ള മോഹം എവറസ്റ്റ് കീഴടക്കുകയാണ്. അതിന് ലക്ഷക്കണക്കിന് രൂപ വേണം.
-കെ.വി. മനീഷ് കുമാർ