മലപ്പുറം: പ്രളയകാലത്തെ ഓർമ്മപ്പെടുത്തും വിധം തുള്ളിമുറിയാതെ പെയ്യുകയാണ് മൺസൂൺ. മലയോര മേഖലകളിലും മഴ കനത്തതോടെ മെലിഞ്ഞൊഴുകിയ ചാലിയാറും കൈവരികളും നിറയാൻ തുടങ്ങി. കഴിഞ്ഞ വർഷം ആഗസ്റ്റ് അഞ്ചുമുതൽ പത്തുവരെ ജില്ലയിൽ കനത്ത മഴയാണ് ലഭിച്ചത്. ഇതാണ് പ്രളയത്തിലേക്കും ഉരുൾപൊട്ടലിലേക്കും വഴിവച്ചത്. വരുന്ന മൂന്നുദിവസം ജില്ലയിൽ അതിശക്തമായ മഴയുണ്ടാവുമെന്നാണ് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പിന്റെ പ്രവചനം. ഇന്ന് ഓറഞ്ചു അലേർട്ടാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട്, ഇടുക്കി ജില്ലകളിലാണ് തുടർച്ചയായി മൂന്നുദിവസം ഓറഞ്ച്മു അലേർട്ട്ന്ന പ്രവചിച്ചിട്ടുണ്ട്. 24 മണിക്കൂറിൽ 115.6 മുതൽ 204.4 മില്ലീമീറ്റർ വരെ മഴ ലഭിക്കാനാണ് സാദ്ധ്യത കൽപ്പിക്കുന്നത്.
പ്രളയസാദ്ധ്യത മുന്നിൽക്കണ്ട് ജില്ലയിൽ 545 ക്യാമ്പുകൾ ഇതിനകം തയ്യാറാക്കിയിട്ടുണ്ട്. ഇവിടങ്ങളിലായി 85,000 പേരെ മാറ്റി പാർപ്പിക്കാനാവും. കൊവിഡിന്റെ പശ്ചാത്തലത്തിൽ നാലുതരം ക്യാമ്പുകളാണ് സജ്ജമാക്കുന്നത്. ക്വാറന്റൈനിൽ കഴിയുന്നവർ, രോഗലക്ഷണങ്ങളുള്ളവർ, കൊവിഡ് ബാധിക്കുന്നത് മൂലം കൂടുതൽ അപകടസാദ്ധ്യതയുള്ളവർ, സാധാരണ ജനങ്ങൾ എന്നിങ്ങനെയാണ് ക്യാമ്പുകൾ തരംതിരിച്ചിട്ടുള്ളത്. കൊവിഡുമായി ബന്ധപ്പെട്ട് ഓരോ പഞ്ചായത്തുകളിലും കുറഞ്ഞത് ഒരു ക്യാമ്പ് സജ്ജീകരിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ പ്രളയം, ഉരുൾപൊട്ടൽ എന്നിവയുണ്ടായ സ്ഥലങ്ങളും അപകടസാദ്ധ്യതാ പ്രദേശങ്ങളും മുൻകൂട്ടി കണ്ടെത്തിയാണ് ക്യാമ്പുകൾ തയ്യാറാക്കിയിട്ടുള്ളത്. പ്രളയമുണ്ടായാൽ ഏറ്റവും വേഗത്തിൽ ആളുകളെ മാറ്റിപാർപ്പിക്കാവുന്ന ക്യാമ്പുകൾ ഓരോ പ്രദേശത്തും കണ്ടെത്തിയിട്ടുണ്ട്. പ്രളയരക്ഷാ പ്രവർത്തനവുമായി ബന്ധപ്പെട്ട് ദുരന്ത നിവാരണ വകുപ്പിന്റെ നേതൃത്വത്തിൽ എല്ലാ താലൂക്കുകളിലും മോക്ക്ഡ്രില്ലും നടത്തിയിട്ടുണ്ട്. കോസ്റ്റൽ, ഫിഷറീസ് വകുപ്പുകളുടെ ബോട്ടുകൾ മുൻകൂട്ടി വിവിധ സ്ഥലങ്ങളിൽ എത്തിച്ചിട്ടുണ്ട്. ജില്ല, താലൂക്ക് അടിസ്ഥാനത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂമിന്റെ സേവനവുമുണ്ടാവും.
പിഴവുകളിൽ നിന്ന് പഠിച്ച്
മഴ കനത്താൽ കഴിഞ്ഞ തവണ പ്രളയം രൂക്ഷമായി ബാധിച്ച പ്രദേശങ്ങളിലെ ജനങ്ങളെ വേഗത്തിൽ മാറ്റിപാർപ്പിക്കും. ഓരോ താലൂക്കുകളിലെയും ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വമേകുന്നതിനും സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും ഒരു ഡെപ്യൂട്ടി കളക്ടർക്ക് ചുമതലയേകിയിട്ടുണ്ട്. പൊലീസ്, ഫയർഫോഴ്സ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, തഹസിൽദാർ എന്നിവരെ ഉൾപ്പെടുത്തി ടീമും ഉണ്ടാക്കിയിട്ടുണ്ട്. വിവിധ വകുപ്പുകളിലും പ്രത്യേക സെല്ലുകളുണ്ടാവും. ജീവൻരക്ഷാ, ദുരിതാശ്വാസ പ്രവർത്തനങ്ങൾ വേഗത്തിൽ നടപ്പാക്കാൻ ലക്ഷ്യമിട്ടാണിത്. മുൻപ്രളയങ്ങളിൽ നേരിട്ട പ്രധാന പ്രശ്നവും ഇതായിരുന്നു.
പ്രളയത്തെ നേരിടാനുള്ള മുന്നൊരുക്ക പ്രവർത്തനങ്ങളെല്ലാം ജില്ലയിൽ പൂർത്തിയായിട്ടുണ്ട്. കൊവിഡ് മാനദണ്ഡങ്ങൾ പ്രകാരമാവും ക്യാമ്പുകൾ പ്രവർത്തിക്കുക.
പുരുഷോത്തമൻ, ഡെപ്യൂട്ടി കളക്ടർ, ജില്ലാ ദുരന്ത നിവാരണ വകുപ്പ്