കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്ന് ചാടിപ്പോയ ആൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ പ്രതിയുമായി സമ്പർക്കത്തിലായ കോഴിക്കോട് മെഡിക്കൽ കോളേജ് സ്റ്റേഷനിലെ പത്ത് പൊലീസുകാരെ നിരീക്ഷണത്തിലാക്കി. അതിനിടെ, പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരം ആരോഗ്യവകുപ്പ് മറച്ചുവച്ചുവെന്ന് പൊലീസുകാർക്കിടയിൽ പരാതി ഉയരുന്നുണ്ട്.
കഴിഞ്ഞമാസം 22നാണ് പ്രതി ചാടിപ്പോയത്. 24 ന് പിടിയിലാവുകയും ചെയ്തു. പിടിയിലായ ഉടൻ പ്രതിയെ കൊവിഡ് പരിശോധനയ്ക്ക് വിധേയനാക്കി. എന്നാൽ പരിശോധനാ ഫലം പൊലീസുകാരെ അറിയിച്ചില്ല. ഫലം ലഭിക്കാത്തതിനെ തുടർന്ന് കഴിഞ്ഞദിവസം പൊലീസുകാർ വിളിച്ചുചോദിച്ചപ്പോൾ മാത്രമാണ് പ്രതി കൊവിഡ് പോസിറ്റീവായ വിവരം ആരോഗ്യവകുപ്പ് അറിയിച്ചത്.
നാലുപേരാണ് മാനസികാരോഗ്യകേന്ദ്രത്തിൽ നിന്ന് ചാടിപ്പോയത്. ദിവസങ്ങൾക്കുളളിൽത്തന്നെ ഇവർ പിടിയിലാവുകയും ചെയ്തു. മറ്റുളളവർക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടില്ല എന്നാണ് റിപ്പോർട്ട്.