കൊല്ലം: ആർ എസ് പ്രവർത്തകൻ കടവൂർ ജയനെ വധിച്ച കേസിൽ ഒമ്പത് പ്രതികളും കുറ്റക്കാരെന്ന് കൊല്ലം പ്രിൻസിപ്പൽ സെഷൻസ് കാേടതി.കേസിൽ വെളളിയാഴ്ച വിധി പറയും. ജയൻ ആർ എസ് എസ് വിട്ടതിലുളള വൈരാഗ്യം മൂലമാണ് കൊലപാതകം എന്ന അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ കോടതി ശരിവയ്ക്കുകയായിരുന്നു.
കൊല്ലം കടവൂർ ജംഗ്ഷന് സമിപത്ത് 2012 ഫെബ്രുവരി ഏഴിന് പട്ടാപ്പകലാണ് ജയനെ ഒൻപതംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പ്രതികൾ കുറ്റക്കാരാണന്നാണ് കൊല്ലം അഡീഷണൽ സെഷൻസ് കോടതി നേരത്തെ കണ്ടെത്തുകയും പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും ഒരോ ലക്ഷം രൂപ വീതം പിഴ വിധിക്കുകയും ചെയ്തിരുന്നു.
എന്നാൽ ഇതിനെ ചോദ്യം ചെയ്ത് പ്രതികൾ ഹൈക്കോടതിയെ സമീപിച്ചു. കീഴ്കോടതിയുടെ നടപടിക്രമങ്ങളിൽ വീഴ്ച്ചയുണ്ടെന്ന പ്രതികളുടെ വാദം അംഗീകരിച്ച ഹൈക്കോടതി ശിക്ഷ റദ്ദാക്കി. കേസ് പുനപരിശോധിക്കാൻ പ്രിൻസിപ്പൽ സെഷൻസ് കോടതിയിലേക്കു തിരിച്ചയക്കുകയും ചെയ്തു.