ഹരിപ്പാട്: അഞ്ച് വർഷത്തിനിടെ എൺപതോളം മോഷണങ്ങൾ നടത്തിയ മോഷ്ടാവ് ഒടുവിൽ പൊലീസ് പിടിയിൽ. അജിത് തോമസ് (38) ആണ് പോലീസിന്റെ 'ഓപ്പറേഷൻ നൈറ്റ് റൈഡറി'ൽ പിടിയിലായത്. മോഷണക്കുറ്റം പ്രതി സമ്മതിച്ചതായി ജില്ലാ പൊലീസ് മേധാവി പി.എസ്.സാബു പറഞ്ഞു.
തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ താമല്ലാക്കൽ ഇടക്കണ്ണമ്പള്ളി ക്ഷേത്രത്തിനു സമീപത്ത് പ്രത്യേക അന്വേഷണസംഘം പ്രതിയെ പിടികൂടിയത്. കത്തി വീശി ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്താൻ ശ്രമിച്ച ഇയാളെ സാഹസികമായി കീഴ്പ്പെടുത്തുകയായിരുന്നു. ജനാല വഴിയായിരുന്നു മിക്ക വീടുകളിലും ഇയാൾ മോഷണം നടത്തിയത്.
മോഷണരീതികളെപ്പറ്റിയും പ്രതിയെ തിരിച്ചറിയാനുതകുന്ന വിവരങ്ങളും ശേഖരിച്ചു. നല്ല ഉയരമുള്ള ഇരുനിറക്കാരനാണ് പ്രതിയെന്നും മോഷണസമയത്ത് മങ്കി ക്യാപ്പ് ധരിക്കാറുണ്ടെന്നും ലുങ്കി തലവഴി മൂടുമെന്നും വിവരം ലഭിച്ചു. ബനിയനും ബർമുഡയുമായിരുന്നു പതിവുവേഷം.
കാൽനടയായി എത്തുകയും ആളുകൾ ഉണർന്നാൽ ഓടി രക്ഷപ്പെടുന്നതുമാണ് മോഷ്ടാവിന്റെ രീതിയെന്നും പൊലീസ് വ്യക്തമാക്കി. നാട്ടുകാരൻ തന്നെയാണെന്ന് ഉറപ്പിച്ചെങ്കിലും ആളെ തിരിച്ചറിയാൻ ആദ്യം കഴിഞ്ഞിരുന്നില്ല. പിന്നീട് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. ബന്ധുവായ വീട്ടമ്മയുടെ മാല പൊട്ടിച്ചെടുത്തു കൊണ്ടായിരുന്നു ഇയാൾ മോഷണം തുടങ്ങിയത്.