കണ്ണൂർ: കോറളായി ദ്വീപിലെ ദുരിതങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. ഓരോ പെരുമഴക്കാലത്തും നിരവധി തവണ കേൾക്കുന്ന പേരു കൂടിയാണിത്. ചുറ്റിലും സംഹാരതാണ്ഡവമാടുന്ന പുഴയ്ക്ക് നടുവിൽ ജീവൻ പണയം വച്ച് കഴിയുന്ന നൂറ്റമ്പതോളം കുടുംബങ്ങളെ തിരിഞ്ഞുനോക്കാൻ ഇവിടെ ആരുമില്ല. കനത്തമഴയിൽ ഇന്നലെയും ഇവിടെ കരയിടിഞ്ഞു.
തീരസംരക്ഷണത്തിന് ആവശ്യത്തിന് പണം ജില്ലാ ഭരണകൂടത്തിന്റെ കൈയിലുണ്ടായിട്ടും ചെലവാക്കുന്നില്ലെന്നതാണ് നാട്ടുകാരുടെ പരാതി.
സർക്കാരിന്റെ സഹായം കാത്ത് മടുത്തപ്പോൾ നാട്ടുകാർ തന്നെ രംഗത്തിറങ്ങി. രാത്രിയിൽ പുഴ കയറി ജീവൻ തന്നെ ഒലിച്ചു പോകുമെന്ന ഭീതിയിലാണ് നാട്ടുകാർ കൈകോർത്തത്. പുഴയുടെ ഭിത്തികളിൽ തെങ്ങിന്റെയും കവുങ്ങിന്റെയും കഷണങ്ങൾ ജെ.സി.ബി ഉപയോഗിച്ച് അടിച്ചിറക്കി. ദിവസങ്ങൾ നീണ്ട അദ്ധ്വാനത്തിൽ അമ്പതോളം പേർ പങ്കെടുത്തു. സാമ്പത്തികസഹായവും മറ്റും അവർ സ്വന്തം കൈയിൽ നിന്നു കണ്ടെത്തി. 30,000 രൂപയാണ് ഇതിന് ചെലവായത്. എല്ലാവരും കൂലിപ്പണിയെടുത്ത് കഴിയുന്നവരാണ് ഇവിടെയുള്ളത്. പുഴ കയറിയാൽ പിന്നെ പണിക്കു പോകാനും കഴിയില്ല.
കോറളായി പാലത്തിന്റെ മണ്ണ് അശാസ്ത്രീയമായ രീതിയിൽ പുഴയിൽ അടിഞ്ഞുകൂടിയതാണ് കരയിടിച്ചലിന് കാരണമായി നാട്ടുകാർ ചൂണ്ടിക്കാട്ടുന്നത്.
മയ്യിൽ പഞ്ചായത്തിലെ മണ്ണെടുക്കുന്ന പ്രധാന പുഴ കൂടിയായിരുന്നു ഇത്. പ്രതിഷേധം ശക്തമായപ്പോൾ കണ്ണിൽ പൊടിയിടാൻ ചെറിയ പൊടിക്കൈകളുമായി അധികൃതരെത്തും. എന്നാൽ അതുകൊണ്ടൊന്നും തീരുന്നതായിരുന്നില്ല ഇവരുടെ ദുരിതം.
പുഴയുടെ ഭിത്തി നിർമ്മാണത്തിന് ആരും ടെൻഡർ എടുക്കാത്തതും പ്രശ്നമാണ്. ഇവിടേക്ക് സാധനങ്ങൾ കൊണ്ടുവരാൻ ഗതാഗത സൗകര്യം ഇല്ലാത്തതാണ് കരാറുകാർക്ക് മുന്നിലുള്ള തടസം.
അന്ന് 280 ഏക്കർ
ഇപ്പോൾ 80 ഏക്കർ
നിരവധി തവണ പ്രശ്നം ജനപ്രതിനിധികളുടെ ശ്രദ്ധയിൽപെടുത്തിയിട്ടുണ്ട്. ഇനിയൊരു പ്രളയം കൂടി വന്നാൽ ഈ ദ്വീപ് ഇല്ലാതാകും. ഞങ്ങളുടെ ദുരിതം കാണാൻ സർക്കാർ സഹായം ലഭിക്കുമെന്നാണ് പ്രതീക്ഷ.
മോഹനൻ കോറളായി
നാട്ടുകാരൻ