വെള്ളറട: കൊവിഡ് വ്യാപനത്തിലമരുകയാണ് മലയോരത്തെ ഗ്രാമ പഞ്ചായത്തുകൾ. ഇതിൽ കൂടുതലും സമ്പർക്ക രോഗികളാണ്. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിൽ ഇന്നലെ ഒമ്പത് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. മൂവേലിക്കര-അഞ്ച്, എള്ളുവിള, കാലായിൽ, ചെറിയകൊല്ല എന്നിവടങ്ങളിൽ ഒന്നു വീതവും, വണ്ടിത്തടം, വെള്ളറടയിൽ ആറുപേർക്കും രോഗം സ്ഥിരീകരിച്ചു. സമ്പർക്കത്തിലൂടെ കൂതാളി ഒന്നും, പുലിയൂർശാലയിൽ പലചരക്ക് വ്യാപാര സ്ഥാപനത്തിൽ മൂന്നും, കിളിയൂരിൽ രണ്ടു പേർക്കും രോഗം സ്ഥിരീകരിച്ചു.
അമ്പൂരിയിൽ രണ്ടുപേർക്കും തുടിയൻകോണത്തും പന്തയിലും ഒരാൾക്ക് വീതവും കൊവിഡ് സ്ഥിരീകരിച്ചു. പന്തയിൽ രോഗം സ്ഥിരീകരിച്ചയാൾ പനച്ചമൂട്ടിലെ വ്യാപാര സ്ഥാപനത്തിലെ ജിവനക്കാരനാണ്. ഈ സ്ഥാപനത്തിലെ ഒമ്പതു തൊഴിലാളിക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഒറ്റശേഖരമംഗലം പൂഴനാട് ഒരാൾക്കും രോഗം സ്ഥിരീകരിച്ചു. കുന്നത്തുകാൽ ഗ്രാമപഞ്ചായത്തിലും രോഗികൾ വർദ്ധിക്കുകയാണ്. എന്നാൽ നിയന്ത്രണങ്ങൾ കാര്യക്ഷമമല്ലെന്നും പരാതിയുണ്ട്. കണ്ടെയ്ൻമെന്റ് സോണായി പ്രഖ്യാപിച്ച പഞ്ചായത്തിൽ വ്യാപാര സ്ഥാപനങ്ങൾ നിയന്ത്രണമില്ലാതെ പാലിക്കുകയാണെന്നും പരാതിയുണ്ട്. പ്രധാന കവലകളിൽ തിരക്കുമുണ്ട്.