കൊവിഡ് 19 മനുഷ്യജീവിതം തകിടംമറിച്ചിട്ട് ആറുമാസം പിന്നിട്ടിരിക്കുന്നു. ആദ്യത്തെ ഒരു കേസ് തൃശൂരിൽ റിപ്പോർട്ട് ചെയ്ത ശേഷം പത്തനംതിട്ടയിൽ നിന്നാണ് കൊവിഡിന്റെ ഭീതിജനകമായ പകർച്ചയുണ്ടായത്. ഇറ്റലിയിൽ നിന്നെത്തിയ റാന്നിയിലെ കുടുംബത്തിൽ നിന്ന് ബന്ധുക്കളിലേക്ക് രോഗം പകർന്നപ്പോൾ സമൂഹമാദ്ധ്യമങ്ങളിലൂടെ ഒറ്റപ്പെടുത്തലുകളും ആക്രോശങ്ങളുമാണ് കുടുംബത്തിന് നേരിടേണ്ടി വന്നത്. പത്തനംതിട്ടയിലേക്ക് വരാൻ മറ്റു ജില്ലക്കാരും ഭയപ്പെട്ടു. രോഗം ഒരു കുടുംബത്തിലും അവരുടെ ബന്ധുക്കളിലും ഒതുങ്ങിയേക്കുമെന്ന് ആശ്വസിച്ചിരുന്ന സംസ്ഥാനത്ത് ഇപ്പോൾ സമ്പർക്ക രോഗികൾ ആയിരങ്ങളായി. അതിരൂക്ഷമായ പ്രതിസന്ധിയെ നേരിടാൻ സർക്കാർ സർവസജ്ജമായി പൊരുതുമ്പോൾ കൊവിഡിൽ നിന്ന് മുക്തരായ വലിയൊരു ജനത നാടിനാകെ ആത്മവിശ്വാസം പകരുന്നു. അവരിൽ 94കാരനായ തോമസിനെയും 89കാരിയായ ഭാര്യ മാറിയാമ്മയേയും കാണാം.
പൊരിവെയിലിലും പെരുമഴയിലും മണ്ണിലിറങ്ങി അദ്ധ്വാനിച്ച് കരുത്തുറ്റ ശരീരവും ബലപ്പെട്ട മനസുമായി ജീവിക്കുന്ന തോമസിനും തണലായി നടക്കുന്ന മറിയാമ്മയ്ക്കും മുന്നിൽ കൊവിഡ് തോറ്റു. കൊവിഡ് രോഗികളിൽ രാജ്യത്തെ ഏറ്റവും പ്രായം കൂടിയ ആദ്യ ദമ്പതികളായി അവർ ചരിത്രത്തിൽ സ്ഥാനം നേടി. റാന്നി ഐത്തല പട്ടയിൽ വീട്ടിൽ തോമസും മറിയാമ്മയും ആത്മവിശ്വാസത്തിലാണ്; '' കൊവിഡിനെ ജലദോഷം പോലൊരു കാര്യമായി കണ്ടാൽ മതി. എല്ലാവരും മാസ്ക് ധരിക്കണം. ശരീരം വൃത്തിയായി സൂക്ഷിക്കണം. സ്വയം നിയന്ത്രിക്കണം. സർക്കാരും ആരോഗ്യ പ്രവർത്തകരും പറയുന്നത് അനുസരിക്കണം. നമ്മൾ തിരിച്ചുവരും. എല്ലാവർക്കും വേണ്ടി ഞങ്ങൾ ദൈവത്തോട് പ്രാർത്ഥിക്കുന്നുണ്ട്. കൊവിഡിന് മുന്നിൽ ആരും തളരരുത്.'- 94 കാരനായ തോമസിന്റെ ഉൾക്കരുത്തുള്ള വാക്കുകൾ.
''പത്തനംതിട്ട ജനറൽ ആശുപത്രിയിലെത്തുമ്പോൾ എല്ലാം തീർന്നെന്നു കരുതി. ആംബുലൻസ് ഡ്രൈവർ മുതൽ ഡോക്ടർമാരും നഴ്സുമാരും എല്ലാം ഞങ്ങളിൽ നിന്ന് അകന്നു നിന്നു. മക്കളെ കാണണമെന്നു പറഞ്ഞിട്ടും അനുവദിച്ചില്ല. പിറ്റേന്ന് കോട്ടയം മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. ഒറ്റപ്പെട്ടുവെന്ന് തോന്നിയതാണ്. അകന്ന് നിന്നവർ അടുത്തു തന്നെയായിരുന്നുവെന്ന് പിന്നീട് മനസിലായി ''- 89കാരി മറിയാമ്മ പഴയ ദിവസങ്ങളെ ഒാർത്തു പറഞ്ഞു.
മാർച്ച് എട്ടിനാണ് തോമസിനും മറിയാമ്മയ്ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ഫെബ്രുവരി 28ന് ഇറ്റലിയിൽ നിന്നെത്തിയ തോമസിന്റെ മകൻ മോൻസിയും കുടുംബവും അറിഞ്ഞിരുന്നില്ല അവർ രോഗവാഹകരായിട്ടാണ് എത്തിയതെന്ന്. മാതാപിതാക്കളെ കാണുന്നതിനും അവർക്കൊപ്പം കുറച്ചു ദിവസങ്ങൾ ചെലവഴിക്കുന്നതിനുമായിരുന്നു വരവ്. മകനും മരുമകളും കൊച്ചുമക്കളും എല്ലാമായി സന്തോഷം നിറഞ്ഞ ദിവസങ്ങൾ. മാർച്ച് അഞ്ചിന് തോമസിന്റെ മൂത്തമകൻ ജോസഫിനും ഭാര്യ ഓമനയ്ക്കും പനി. അവർ റാന്നിയിലെ സർക്കാർ ആശുപത്രിയിലെത്തിയപ്പോൾ അഡ്മിറ്റാക്കി. കൊവിഡ് എന്ന സംശയത്തിൽ ആംബുലൻസിൽ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. പിന്നാലെ ഇറ്റലിയിൽ നിന്നുവന്ന മകനെയും മരുമകളെയും കൊച്ചുമോനെയും ഡോക്ടർമാരെത്തി ആശുപത്രിയിലേക്കു കൂട്ടിക്കൊണ്ടുപോയി. തുടർന്ന് ജോസഫിനെയും മറിയാമ്മയെയും ആശുപത്രിയിലെത്തിച്ചു. സ്രവ പരിശോധനയിൽ എല്ലാവർക്കും കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
ചിട്ടയാണ് ചട്ടം
ഐത്തലയിലെ അറിയപ്പെട്ട കർഷകനായിരുന്നു കുഞ്ഞവറാച്ചനെന്ന തോമസ്. പുലർച്ചെ അഞ്ചരയ്ക്ക് ഉണരും. കട്ടൻകാപ്പിയിട്ട ശേഷം മറിയാമ്മയെ വിളിച്ചുണർത്തും. ഇരുവരും വീടിന്റെ വരാന്തയിലിരുന്ന് പതിനഞ്ച് മിനിട്ട് കുടുംബപുരാണം. പിന്നെ, കുന്താലി തോളിൽ വച്ച് തോമസ് പറമ്പിലേക്ക് ഒറ്റപ്പോക്കാണ്. രണ്ട് മണിക്കൂർ അധ്വാനം. തിരിച്ചുവരുമ്പോഴേക്കും മാറിയാമ്മ കഞ്ഞിക്കൊപ്പം കപ്പയും കാച്ചിലും ചേനയും പുഴുങ്ങി കാന്താരിമുളകും ചേർത്ത് വച്ചിരിക്കും. വിശ്രമത്തിനും പത്രവായനയ്ക്കും ശേഷം തോമസ് വീണ്ടും പറമ്പിലേക്കും വയലിലേക്കും പോകും. ഉച്ചയ്ക്ക് വരുമ്പോൾ ചോറിനൊപ്പം ചക്കയാണ് വിഭവം. രാത്രിയിലും അങ്ങനെ. ജീവിതത്തിലെ ഇൗ ചിട്ടയും അദ്ധ്വാനവുമാണ് കൊവിഡിനെ കീഴടക്കാൻ തോമസിനു കരുത്തു നൽകിയതെന്ന് ബന്ധുക്കൾ പറയുന്നു. തോമസിന് വേണ്ടി ഡോക്ടറിൽ നിന്ന് ഒരു കുറിപ്പടി വാങ്ങിയത് അടുത്തിടെ കൊവിഡ് വന്നപ്പോഴാണെന്ന് മകൻ ജോസഫ് പറയുന്നു.
വീട്ടിലേക്ക് ആവശ്യത്തിനുള്ളത് തോമസ് സ്വന്തമായി കൃഷി ചെയ്തിരുന്നു. ആറുമാസം മുമ്പു വരെ പറമ്പിലെ പണികൾക്ക് തോമസ് ഇറങ്ങുമായിരുന്നു. കന്നുകാലികളെ വളർത്തി അവയിൽ നിന്നു കിട്ടുന്ന പാലാണു വീട്ടാവശ്യത്തിന് ഉപയോഗിച്ചിരുന്നത്. കൊവിഡ് ബാധിച്ച് കോട്ടയം മെഡിക്കൽ കോളേജില് ആയിരുന്നപ്പോഴും ആഹാര കാര്യങ്ങളിൽ തോമസ് വിട്ടുവീഴ്ച ചെയ്തില്ല.
ആശുപത്രി എന്ന സ്നേഹവീട്
ആശുപത്രി വാസം ഇതിനു മുമ്പ് അധികമുണ്ടായിട്ടില്ല. മരുന്നിനൊപ്പം തോമസിനും മറിയാമ്മയ്ക്കും ആഹാരവും സ്നേഹപരിചരണങ്ങളും നല്കുന്നതിൽ മെഡിക്കൽ കോളേജിലെ ഡോക്ടർമാരും നഴ്സുമാരും മറ്റു ജീവനക്കാരും പിശുക്ക് കാണിച്ചില്ല. വേണ്ടതെല്ലാം കൊടുത്തു. അവിടെയുള്ളവരെല്ലാം തങ്ങൾക്ക് സ്വന്തം മക്കളെയും ചെറുമക്കളെയും പോലെയായിരുന്നുവെന്നു തോമസും ഭാര്യയും പറയുന്നു. ആശുപത്രിയിൽ ഇടയ്ക്ക് മറിയാമ്മയ്ക്ക് നേരിയ ബുദ്ധിമുട്ടുണ്ടായി. വെന്റിലേറ്ററിന്റെ സഹായവും ഒരുക്കിയിരുന്നു.
മരുന്നുകളും നിർദ്ദേശങ്ങളുമായി മെഡിക്കൽ അസിസ്റ്റന്റുമാർ, നഴ്സ് തുടങ്ങിയവർ ഞങ്ങളെ വീടുവരെ കൊണ്ടുവന്നെത്തിച്ചു. അത്രയ്ക്കു കരുതലായിരുന്നു മെഡിക്കൽ കോളജിൽ ലഭിച്ചത്. ചികിത്സയിൽ കഴിയുമ്പോൾ മക്കളെ കാണാത്തതിൽ മാത്രമായിരുന്നു പരിഭവം. ഒടുവിൽ അസുഖം മാറി മെഡിക്കൽ കോളജിന്റെ ആംബുലൻസിൽ തിരികെ വീട്ടിലെത്തിയപ്പോൾ ഉറ്റവരെ വിട്ടുപിരിഞ്ഞതിന്റെ വേദന.
നാടിന്റെ കരുതൽ
ഇറ്റലിയിൽ നിന്നുവന്ന മകനും കുടുംബവും നാട്ടിൽ കൊവിഡ് പരത്തിയെന്ന ആക്ഷേപം കേട്ടപ്പോൾ വയോധിക ദമ്പതികൾക്ക് വിഷമമുണ്ടായി. തങ്ങൾ പറഞ്ഞതുകൊണ്ടാണ് ഇത്തവണ ഇറ്റലിയിൽ നിന്ന് അവർ വന്നത്. അതിങ്ങനെയൊക്കെ ആയപ്പോൾ വിഷമം വരാതിരിക്കില്ലല്ലോ. ദൈവം എല്ലാം തിരികെ തന്നു. ആശുപത്രിയിൽ നിന്നു വന്ന ഞങ്ങൾക്ക് വലിയ കരുതലാണ് നാട്ടിൽ ലഭിച്ചത്. കൊവിഡിനെ അതിജീവിക്കാൻ ഞങ്ങൾ ഒരു പാഠമായെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞത്. എല്ലാവർക്കും സന്തോഷം നല്കാൻ കഴിഞ്ഞത് ദൈവനിശ്ചയമാകാമെന്ന് മറിയാമ്മ.