ബെർലിൻ: മുൻ മാർപ്പാപ്പ ബെനഡിക്ട് പതിനാറാമന്റെ (93) ആരോഗ്യസ്ഥിതി അതീവഗുരുതരമെന്ന് റിപ്പോർട്ടുകൾ. അദ്ദേഹത്തിന്റെ ജീവചരിത്രകാരൻ പീറ്റർ സീവാൾഡിനെ ഉദ്ധരിച്ച് ജർമൻ പത്രമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
എന്നാൽ പ്രത്യേകിച്ച് ആശങ്കപ്പെടാനൊന്നുമില്ലെന്നാണ് വത്തിക്കാൻ വക്താവ് പ്രതികരിച്ചത്. അതേസമയം മുൻ മാർപ്പാപ്പയുടെ പേഴ്സണൽ സെക്രട്ടറി വാർത്തകളോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
2013ൽ സ്ഥാനത്യാഗം ചെയ്തതിന് ശേഷം ബെനഡിക്ട് പതിനാറാമൻ മാർപാപ്പ കഴിഞ്ഞ മാസമാണ് ആദ്യമായി ഇറ്റലിക്ക് പുറത്തേക്ക് യാത്ര ചെയ്തത്. മൂത്ത സഹോദരൻ ഫാ.ജോർജ് റാറ്റ്സിംഗറെ (96) ജർമനിയിലെത്തി സന്ദർശിച്ച് മടങ്ങിയെത്തിയതിന് പിന്നാലെയാണ് അസുഖബാധിതനായതെന്നാണ് വിവരം. കുറച്ചുകാലമായി ആരോഗ്യനില മോശമായിരുന്ന ബെനഡിക്ട് പതിനാറാമന് വൈറൽ അണുബാധയുണ്ടെന്നും പ്രായമായവരിൽ സാധാരണയായി കാണുന്ന അസുഖമാണെന്നുമാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞമാസം ബെനഡിക്ട് പതിനാറാമന്റെ സഹോദരൻ ഫാ. ജോർജ് റാറ്റ്സിംഗർ മരിക്കുകയും ചെയ്തിരുന്നു.
2013ലാണ് ജോൺ പോൾ രണ്ടാമന്റെ പിൻഗാമിയായായിരുന്ന ബെനഡിക്ട് പതിനാറാമൻ ആഗോള കത്തോലിക്കാ സഭ തലവൻ സ്ഥാനത്തുനിന്ന് വിരമിക്കുന്നത്. പിന്നീട് വിശ്രമ ജീവിതത്തിലായിരുന്നു.