ലണ്ടൻ: ബ്രിട്ടനിലെ ഐൻസ്ഡേൽ ബീച്ചിൽ കഴിഞ്ഞദിവസം കരയ്ക്കടിഞ്ഞ വിചിത്രജീവിയുടെ മൃതശരീരം കണ്ട് അമ്പരന്ന് നിൽക്കുകയാണ് നാട്ടുകാരും ശാസ്ത്രലോകവും. 15 അടി ഉയരമുള്ള, കാഴ്ചയിൽ ഭീകരത തോന്നിക്കുന്ന ജീവിയുടെ മൃതശരീരം ജൂലായ് 29നാണ് ദുർഗന്ധം വമിക്കുന്ന നിലയിൽ കണ്ടെത്തിയത്.
എല്ലുകൾ പല ഭാഗത്ത് നിന്നും തൂങ്ങിക്കിടക്കുന്നുണ്ട്. ഫേസ്ബുക്കിലെ ഐൻസ്ഡേൽ കമ്മ്യൂണിറ്റി ഗ്രൂപ്പിൽ പോസ്റ്റ് ചെയ്തതോടെയാണ് ഭീകരജീവി വൈറലായത്. അതേസമയം, ഏതാണ് ഈ ജീവി എന്നത് സംബന്ധിച്ച് ചർച്ചകൾ സജീവമായിട്ടുണ്ട്. 500ലധികം കമന്റുകളാണ് പോസ്റ്റിന് താഴെ വന്നിരിക്കുന്നത്. ജീവിയുടെ സ്വത്വം ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് നാച്വറൽ ഇംഗ്ലണ്ടിലെ സീനിയർ അഡ്വൈസർ സ്റ്റീഫൻ ഐലിഫ് പറഞ്ഞതായി ദ സൺ റിപ്പോർട്ട് ചെയ്തു. 2017ൽ ഫിലിപ്പൈൻസിലെ ബീച്ചിലും ഇതുപോലൊരു ദുരൂഹ ജീവിയെ കണ്ടെത്തിയിരുന്നു.