ന്യൂയോർക്ക് : വർഷങ്ങൾ നീണ്ട സൗഹൃദം... ഒരു നിമിഷം പോലും വേർപിരിഞ്ഞിരിക്കാനാവില്ല. തീറ്റയും കുടിയും കുളിയും എന്തിനേറെ ഉറക്കം പോലും ഒരുമിച്ച്. പരസ്പരം നക്കിത്തുടച്ചും മുട്ടിയുരുമ്മിയും ഇടയ്ക്ക് കടിപിടി കൂടിയും സ്നേഹിച്ച് കഴിയുന്ന ഹ്യൂബെർട്ടും കാലിസയും സന്ദർശകർക്ക് ഏറെ പ്രിയപ്പെട്ടവരായിരുന്നു. മരണത്തിലും വേർപിരിയാനാവർ കൂട്ടാക്കിയില്ല. മെല്ലെ, മെല്ല ഒന്നിച്ചവർ മരണത്തിലേക്ക് നടന്നടുത്തു. പ്രായാധിക്യവും ദീർഘനാളായുള്ള ആരോഗ്യപ്രശ്നവും കണക്കിലെടുത്ത് രണ്ട് ആഫ്രിക്കൻ സിംഹങ്ങളെയും മൃഗശാല അധികൃതർ ദയാവധത്തിന് വിധേയമാക്കുകയായിരുന്നു.
ലോസ്ആഞ്ചൽസ് മൃഗശാലയിൽ എത്തുന്നവർക്കെല്ലാം കൗതുകമായിരുന്നു ഹ്യൂബെർട്ട്- കാലിക സിംഹസൗഹൃദം. വന്ന നാൾ മുതൽ രണ്ടുപേരും ഒരുമിച്ചാണ്. 1999 ഫെബ്രുവരി 7നാണ് ഹ്യൂബെർട്ടിന്റെ ജനനം. 1998 ഡിസംബർ 26നാണ് കാലിസ ജനിച്ചത്. സിയാറ്റിലിലെ വുഡ്ലാൻഡ് പാർക്ക് മൃഗശാലയിലായിരുന്നു ഇരുവരും കണ്ടുമുട്ടിയത്. കഴിഞ്ഞ ആറ് വർഷമായി ഇവർ ലോസ്ആഞ്ചലസ് മൃഗശാലയിലാണ്. ഒരിക്കലും വേർപിരിഞ്ഞിരിക്കാത്ത ഇവരിൽ ഒരാൾക്ക് ജീവൻ നഷ്ടപ്പെട്ടാൽ മറ്റേയാളുടെ സ്ഥിതി എന്താകുമായിരുന്നു എന്ന് ആലോചിക്കാൻ പോലും സാദ്ധ്യമല്ലെന്ന് മൃഗശാലാ അധികൃതർ പറയുന്നു. ഏറെ ദുഃഖത്തോടെയാണെങ്കിലും രണ്ട് പേരുടെയും ആരോഗ്യസ്ഥിതി കണക്കിലെടുത്ത് മറ്റ് മാർഗങ്ങൾ ഇല്ലായിരുന്നുവെന്നും മൃഗശാല അധികൃതർ വ്യക്തമാക്കി.
ആയുസ് 17 വർഷം
മൃഗശാലയിലും മറ്റും ജീവിക്കുന്ന ആഫ്രിക്കൻ സിംഹങ്ങളുടെ ശരാശരി ആയുർദൈർഘ്യം ഏകദേശം 17 വർഷമാണ്. അതേസമയം, ഹ്യൂബെർട്ടും കാലിസയും 21 വർഷം ജീവിച്ചു. വനപ്രദേശങ്ങളിൽ ഏകദേശം 23,000 മുതൽ 39,000 വരെ ആഫ്രിക്കൻ സിംഹങ്ങളുണ്ടെന്നാണ് കണക്ക്. ഇന്റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഒഫ് നേച്ചർ ആഫ്രിക്കൻ സിംഹങ്ങളെ തങ്ങളുടെ റെഡ് ലിസ്റ്റിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. വേട്ടയാടൽ ഉൾപ്പെടെയുള്ള ഭീഷണികൾ നേരിടുന്നവയാണ് ഈ ലിസ്റ്റിലുള്ളത്.