കോട്ടയം: സിവിൽ സർവീസ് പരീക്ഷയിൽ കോട്ടയത്തിന്റെ യശസ് ഉയർത്തി 265ാം റാങ്കുകാരൻ തിരുനക്കര സ്വദേശി എൻ. രവിശങ്കർ ശർമ . 2018ൽ ഐ.എഫ്.എസ്. നേടി ഡെറാഡൂണിൽ പരിശീലനം നടത്തുന്നതിനിടെയാണ് ഉയർന്ന റാങ്ക് ലഭിച്ച വിവരം അറിയുന്നത്. കോട്ടയം ലൂർദ് പബ്ലിക് സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. കോഴിക്കോട് എൻ.ഐ.ടിയിൽ നിന്ന് ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷനിൽ എൻജീനിയറിംഗ് ബിരുദം നേടി. രണ്ടു വർഷം ബംഗളുരു സാപ്പിൽ ജോലി ചെയ്തിരുന്നു. ജോലി രാജിവച്ചാണ് തിരുവനന്തപുരത്തെത്തി കോച്ചിംഗിന് ചേർന്നത്. എസ്.ബി.ഐ. റിട്ട. മാനേജർ എസ്. നീലകണ്ഠശർമയുടെയും മലിനീകരണ നിയന്ത്രണ ബോർഡ് മുൻ മെമ്പർ സെക്രട്ടറി എം.എസ്. മൈഥിലിയുടെയും മകനാണ്. സഹോദരി ദീപ ചെന്നൈ ഐ.ഐ.ടിയിൽ റിസർച്ച് ഫെലോയണ്.