യാങ്കൂൺ: രണ്ടാംതവണയും തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള താത്പര്യം ഔദ്യോഗികമായി അറിയിച്ച് മ്യാൻമർ നേതാവ് ഓംഗ് സാൻ സൂചി. 50ഓളം അനുയായികൾക്കൊപ്പം യാങ്കൂണിലെത്തി സൂചി നാമനിർദേശപത്രിക സമർപ്പിച്ചു. നവംബറിലാണ് മ്യാൻമറിൽ പൊതുതിരഞ്ഞെടുപ്പ്. രാജ്യത്ത് നടപ്പാക്കിയ ജനാധിപത്യ പരിഷ്കാരങ്ങളുടെ പരീക്ഷണമായി വിലയിരുത്തപ്പെടുന്ന തിരഞ്ഞെടുപ്പാണിത്. മ്യാൻമറിൽ ദശാബ്ദങ്ങളുടെ പട്ടാളഭരണത്തിന് വിരാമമിട്ട്, 2016ലാണ് നോബേൽസമാധാന സമ്മാനജേതാവുകൂടിയായ സൂചി അധികാരത്തിലെത്തുന്നത്. റോഹിഗ്യൻ മുസ്ലീങ്ങളോടും രാജ്യത്തെ ന്യൂനപക്ഷവിഭാഗങ്ങളോടുമുള്ള നിലപാടുകൾ പ്രതിച്ഛായയ്ക്ക് നേരിയ മങ്ങലേൽപിച്ചെങ്കിലും, രാജ്യത്തെ ജനപ്രിയനേതാവ് തന്നെയാണ് 75കാരിയായ സൂചി. 1989 മുതൽ വിവിധ കാലങ്ങളിലായി 15 വർഷം പട്ടാളത്തിന്റെ തടവിലായിരുന്ന സൂചി, 2010ലാണ് മോചിതയായത്.