തളിപ്പറമ്പ: കണ്ണൂർ ഗവ: മെഡിക്കൽ കോളേജിലെ പി.ജി. റസിഡന്റ് ഡോക്ടർമാർ പണിമുടക്കിലേയ്ക്ക്. രണ്ടു മാസങ്ങളായി പി.ജി ഡോക്ടർമാർക്ക് അവകാശപ്പെട്ട സ്റ്റൈപ്പന്റ് നൽകാൻ ബന്ധപ്പെട്ടവർ തയ്യാറാകാത്തതിനെ തുടർന്നാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് നിഷേധിക്കുന്നത് അനീതിയും കോടതി അലക്ഷ്യവുമാണെങ്കിലും അധികൃതർ അവഗണന തുടരുകയാണെന്ന് ഇവർ പറയുന്നു. അധികാരികളെ പലവട്ടം അറിയിച്ചിട്ടും ആവശ്യമായ ഫണ്ടില്ലെന്നും അത് എപ്പോൾ ലഭ്യമാകുമെന്ന് ഉറപ്പുപറയാൻ കഴിയില്ലെന്നുമുള്ള നിരുത്തരവാദപരമായ മറുപടിയാണ് പ്രിൻസിപ്പൽ ഉൾപ്പടെയുള്ള അധികാരികളിൽ നിന്നും ലഭിച്ചതെന്ന് കേരളാ മെഡിക്കൽ പി.ജി അസോസിയേഷൻ കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് ചാപ്റ്റർ പ്രസിഡന്റ് ഡോ.കെ.എ. റിയാസുദ്ദീൻ, സെക്രട്ടറി കെ.ടി. അഷ്മൽ എന്നിവർ പറയുന്നു.
മറ്റെല്ലാ ജീവനക്കാർക്കും വേതനം നൽകിയിട്ടും പി.ജി. ഡോക്ടർമാർക്ക് മാത്രം സ്റ്റൈപ്പന്റ് നൽകാതെ ചൂഷണം ചെയ്യുകയാണ്. പ്രതിഷേധസൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് ജോലിയിൽ തുടരുമെന്നും, എന്നിട്ടും സ്റ്റൈപ്പന്റ് കിട്ടാത്തപക്ഷം നാളെ മുതൽ ജോലിയിൽ പ്രവേശിക്കില്ലെന്നും ഇന്നത്തെ സാഹചര്യത്തിൽ സമരത്തിലേക്കു നീങ്ങേണ്ടി വന്നാൽ അതിന്റെ പരിപൂർണ ഉത്തരവാദിത്വം അധികാരികൾക്ക് മാത്രമായിരിക്കുമെന്നും അസോസിയേഷൻ പത്രക്കുറിപ്പിൽ അറിയിച്ചു.