കുറ്റ്യാടി : തുച്ഛമായ വേതനത്തിൽ ജീവിതം തളളിനീക്കിയിരുന്ന പ്രീ പ്രൈമറി അദ്ധ്യാപകർക്ക് കൊവിഡ് നൽകിയത് ദുരിതകാലം. ആയിരക്കണക്കിന് അദ്ധ്യാപകരാണ് വേലയും കൂലിയുമില്ലാതെ വീട്ടിൽ കഴിയുന്നത്. മൂന്ന് വയസിന് മുകളിൽ, നാലു വയസിന് മുകളിൽ എന്നിങ്ങനെ രണ്ടു വിഭാഗങ്ങളായാണ് പ്രീപ്രൈമറി വിഭാഗം പ്രവർത്തിക്കുന്നത്. അയ്യായിരം രൂപയിൽ താഴെ മാത്രമാണ്
പ്രതിമാസ ശമ്പളം. കൊവിഡിൽ സ്കൂളുകൾ അടച്ചതോടെ ഇവരുടെ വരുമാനവും നിലച്ചു. കുട്ടികളുടെ രക്ഷിതാക്കളിൽ നിന്ന് ലഭിക്കുന്ന ഫീസായിരുന്നു ഇവർക്ക് ശമ്പളമായി കിട്ടിയിരുന്നത്. ഒരു കുട്ടിക്ക് 300 രൂപ വരെയാണ് ഫീസ്. ജൂണിൽ പ്രീ പ്രൈമറി വിഭാഗത്തിൽ ഓൺലൈൻ ക്ലാസ് തുടങ്ങിയെങ്കിലും കൊവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധി കാരണം രക്ഷിതാക്കളിൽ നിന്ന് ഫീസ് ചോദിക്കാനും കഴിയുന്നില്ലെന്ന് അദ്ധ്യാപകർ പരാതിപ്പെടുന്നു. 2011 ആഗസ്റ്റ് മാസത്തിന് ശേഷം പ്രീ പ്രൈമറി രംഗത്ത് ജോലി ചെയ്യുന്ന അദ്ധ്യാപകരെ സ്കൂളിന്റെ ഭാഗമായി അംഗീകരിക്കണമെന്ന് എ.ഐ.എഫ്.ടി.ഒ സംസ്ഥാന കോ ഓർഡിനേറ്റർ കെ.കെ.പാർത്ഥൻ, കെ.പി.എസ് ടി.എ കുന്നുമ്മൽ സബ് ജില്ല പ്രസിഡന്റ് പി.ജമാൽ, സെക്രട്ടറി മനോജ് കൈവേലി എന്നിവർ ആവശ്യപ്പെട്ടു.