കോട്ടയം: കുമാരനല്ലൂർ മക്കാ മസ്ജിദിന്റെ നേർച്ചപ്പെട്ടി കുത്തിത്തുറന്ന് വീണ്ടും മോഷണം. കഴിഞ്ഞ വർഷവും സമാനമായ രീതിയിൽ മോഷണം നടന്നിരുന്നു. 31 നു രാത്രി 12 മണിയ്ക്കാണ് മോഷ്ടാവ് കമ്പിപ്പാരയുമായി പള്ളിയ്ക്കുള്ളിൽ കയറിയത്. ഇതിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പള്ളി അധികൃതർ പൊലീസിനു കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മാസം കുമാരനല്ലൂരിലെ കടകളിൽ മോഷണ ശ്രമവും സമീപത്തെ പള്ളിയുടെ കാണിക്കവഞ്ചിയിൽ മോഷണവും നടന്നിരുന്നു. മോഷണം തടയാൻ പൊലീസ് പട്രോളിംഗ് ശക്തമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, യാതൊരു നടപടിയും പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായില്ല. കഴിഞ്ഞ വർഷം മസ്ജിദിൽ നടന്ന മോഷണത്തിലെ പ്രതിയെ പോലും ഇതുവരെ പിടിച്ചിട്ടില്ല. ഇതിനെതിരെ കടുത്ത പ്രതിഷേധമാണ് കുമാരനല്ലൂരിലും പരിസരത്തും നാട്ടുകാർ ഉയർത്തുന്നത്.