കാസർകോട്: പൈവളികെ ബായാർ കന്യാലയിൽ മാതൃസഹോദരങ്ങളായ നാലുപേരെ കൂട്ടക്കൊല ചെയ്യാൻ പ്രതി ഉദയകുമാറിന് (40) പ്രകോപനമായത് വിവാഹം വൈകിപ്പിക്കുന്നതിലുള്ള വൈരാഗ്യം കൂടിയെന്ന് വിവരം. മാനസിക പ്രശ്നങ്ങൾക്കുപുറമെ ഇതിന്റെ പേരിൽ ഉദയൻ മാതൃസഹോദരങ്ങളോട് കടുത്ത വിരോധത്തിലായിരുന്നുവെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി.
കൊലയ്ക്ക് ശേഷം കസ്റ്റഡിയിലായ ഉദയ കുമാറിനെ കാസർകോട് ജനറൽ ആശുപത്രിയിൽ എത്തിച്ചു വൈദ്യപരിശോധന നടത്തി. തുടർന്ന് ജില്ലാ പൊലീസ് ചീഫ് ഡി.ശില്പ, ഡിവൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ എന്നിവരുടെ നേതൃത്വത്തിൽ ഇന്നലെ മുഴുവൻ ചോദ്യം ചെയ്തു. മാതൃസഹോദരങ്ങൾക്കൊപ്പം മദ്യപിക്കുന്നതിനിടയിൽ ഭ്രാന്തൻ എന്ന് പറഞ്ഞു കളിയാക്കുന്നതിനെ ചൊല്ലി വഴക്ക് പതിവായിരുന്നു.
ഉദയ കുമാറിന്റെ അമ്മ ലക്ഷ്മിയുടെ സഹോദരങ്ങളായ ബാബു അഡിഗ (70), വിട് ള അഡിഗ (65), സദാശിവ(58, ദേവകി(50) എന്നിവരാണ് തിങ്കളാഴ്ച സന്ധ്യക്ക് കൊലചെയ്യപ്പെട്ടത്. വീട്ടിൽ ടി.വി കാണുകയായിരുന്ന നാലുപേരെയും ഉദയകുമാർ കൈമഴുവും ഉളിയും കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. അമ്മ ലക്ഷ്മിയെ കൊലപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഇവർ ഓടി അടുത്തുള്ള വീട്ടിൽ അഭയം തേടുകയായിരുന്നു. ബാബുവും വിട്ളയും സദാശിവയും അവിവാഹിതരാണ്. ദേവകിയും ലക്ഷ്മിയും വിവാഹിതരാണെങ്കിലും കുടുംബവീട്ടിൽ തന്നെയായിരുന്നു താമസം.
അവിവാഹിതനായ ഉദയകുമാർ മാതൃസഹോദരിയോട് തനിക്ക് അനുയോജ്യയായ പെൺകുട്ടിയെ കണ്ടെത്തി വിവാഹം കഴിപ്പിച്ചുതരണമെന്ന് ആവശ്യപ്പെട്ടിരുന്നു. മറ്റ് ബന്ധുക്കളോടും ഇതേ ആവശ്യം ഉദയകുമാർ ഉന്നയിച്ചെങ്കിലും മാനസിക അസ്വാസ്ഥ്യമുള്ള ആളായതിനാൽ ആരും അതിന് താത്പര്യം കാണിച്ചില്ല. ഇതോടെ ഉദയകുമാറിന് മാനസികസമ്മർദം ഇരട്ടിയായെന്നും ഇത് കൊലപാതകത്തിൽ കലാശിച്ചുവെന്നുമാണ് പൊലീസ് അന്വേഷണത്തിൽ ലഭിച്ച വിവരം.
ഉദയകുമാർ കഴിഞ്ഞ കുറച്ചുവർഷങ്ങളായി തന്റെ മാനസിക പ്രശ്നങ്ങൾക്ക് കർണ്ണാടക ഷിമോഗയിലെ ഡോക്ടർമാരിൽ നിന്ന് ചികിത്സ തേടിയിരുന്നു. ലോക്ക് ഡൗണിന് മുമ്പാണ് നാട്ടിൽ വന്നത്. നാലുദിവസം മുമ്പ് ബന്ധുക്കളെയെല്ലാം കൊന്നുകളയുമെന്ന് യുവാവ് ഭീഷണിപ്പെടുത്തിയിരുന്നു. കൊല്ലപ്പെട്ടവരിൽ ഒരാളായ വിട്ല മഴു ഘടിപ്പിക്കുന്നതിലും വായ്ത്തല മൂർച്ച കൂട്ടുന്നതിലും വിദഗ്ധനായിരുന്നു. വിട്ല ഇങ്ങനെ മൂർച്ച കൂട്ടി വീട്ടിനകത്ത് സൂക്ഷിച്ച മഴുവും ഉളിയുമാണ് കൊലപാതകത്തിനായി ഉപയോഗിച്ചത്.
ഇന്നലെ രാവിലെ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ മൃതദേഹങ്ങൾ പോസ്റ്റുമോർട്ടത്തിനായി പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.