തിരുവനന്തപുരം/ന്യൂഡൽഹി: സിവിൽ സർവീസ് പരീക്ഷയിൽ മലയാളികൾക്ക് തിളക്കമാർന്ന വിജയം. ആദ്യ നൂറ് റാങ്കിൽ ഏഴു പേർ മലയാളികളാണ്. ഏറ്റുമാനൂർ സ്വദേശിയും ബംഗളൂരുവിൽ സ്ഥിരതാമസവുമാക്കിയ സതീശൻ വാര്യരുടെ മകൻ സി.എസ്. ജയദേവ് അഞ്ചാം റാങ്ക് നേടി സംസ്ഥാനത്തിന് അഭിമാനമായി. സംസ്ഥാനത്ത് ഒന്നാം സ്ഥാനവും ജയദേവിനാണ്.
ദേശീയ തലത്തിൽ 40-ാം റാങ്ക് നേടിയ കൊല്ലം കടപ്പാക്കട ഭാവന നഗർ 262 എയിൽ അശ്വതി ശ്രീനിവാസിനാണ് സംസ്ഥാനത്ത് രണ്ടാംസ്ഥാനം. 45-ാം റാങ്ക് നേടിയ തിരുവനന്തപുരം പേയാട് പ്ളാവിള ഫർസാന മൻസിലിൽ സഫ്നാ നസറുദ്ദീനാണ് മൂന്നാമതെത്തിയത്.
ദേശീയതലത്തിൽ ഹരിയാന സ്വദേശി പ്രദീപ് സിംഗിനാണ് ഒന്നാം റാങ്ക്, ഡൽഹി സ്വദേശി ജറ്റിൻ കിഷോർ രണ്ടാം റാങ്കും യു.പി. സ്വദേശിനി പ്രതിഭ വർമ്മ മൂന്നാം റാങ്കും നേടി.
കടയ്ക്കൽ സ്വാമി മുക്ക് അരുണോദയത്തിൽ ഡോ. അരുൺ എസ്.നായർ (റാങ്ക് 55), തിരുവല്ല കല്ലപ്പാറ കുറ്റിക്കണ്ടത്തിൽ നിഥിൻ കെ.ബിജു (89), തിരുവനന്തപുരം മണ്ണന്തല കൃഷ്ണയിൽ എ.വി. ദേവിചന്ദന (92), പയ്യന്നൂർ ഈസ്റ്റ് ഒഫ് മുൻസിഫ് കോടതിക്ക് സമീപം കണിയറിൽ പി.പി. അർച്ചന (99) എന്നിവരാണ് ആദ്യ നൂറ് റാങ്കിലെ മലയാളികൾ.
അശ്വതി ശ്രീനിവാസും അരുൺ എസ്. നായരും ഡോക്ടർമാരും ദേവി നന്ദനയും നിഥിൻ കെ.ബിജുവും എൻജിനിയറിംഗ് ബിരുദധാരികളുമാണ്. 829 പേരാണ് നിയമനത്തിന് അർഹത നേടിയത്. മൊത്തം 927 ഒഴിവുകളുണ്ട്.