ന്യൂയോർക്ക്: ബാലിസ്റ്റിക് മിസൈലുകളിൽ ഉപയോഗിക്കാവുന്ന ആണവ ഉപകരണങ്ങൾ ഉത്തര കൊറിയ വികസിപ്പിച്ചെടുത്തിട്ടുണ്ടാകാമെന്ന് യു.എൻ റിപ്പോർട്ട്. ഉത്തര കൊറിയയ്ക്കുമേലുള്ള യു.എൻ ഉപരോധത്തെ വിലയിരുത്തുന്ന വിദഗ്ദ്ധ സമിതിയുടെ രഹസ്യസ്വഭാവമുള്ള റിപ്പോർട്ട് സുരക്ഷാ സമിതിക്ക് സമർപ്പിച്ചതായി റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ആറ് തവണ നടത്തിയ ആണവ പരീക്ഷണങ്ങൾ വലിപ്പം കുറഞ്ഞ ആണവ ഉപകരണങ്ങൾ വികസിപ്പിക്കാൻ ഉത്തരകൊറിയയെ സഹായിച്ചിട്ടുണ്ടെന്ന് ചില രാജ്യങ്ങൾ വിശ്വസിക്കുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആണവ പദ്ധതികൾ ഉത്തര കൊറിയ തുടരുകയാണ്. അതിസമ്പുഷ്ടീകരിച്ച യുറേനിയം ഉത്പാദനവും ആണവ റിയാക്ടർ നിർമാണവും നടക്കുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. രാജ്യത്തിന്റെ ആണവായുധങ്ങൾ സുരക്ഷയും ഭാവിയും ഉറപ്പുനൽകുന്നതിനാൽ കൂടുതൽ യുദ്ധമുണ്ടാകില്ലെന്ന് കഴിഞ്ഞയാഴ്ച ഉത്തരകൊറിയൻ നേതാവ് കിം ജോംഗ് ഉൻ പറഞ്ഞിരുന്നു.