മുംബയ്: കനത്ത മഴയെത്തുടർന്ന് വെള്ളത്തിലായ മുംബയ് നഗരത്തിൽ ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് റെഡ് അലെർട്ട് പ്രഖ്യാപിച്ചു. ഇന്നും കൂടി നഗരത്തിൽ കനത്ത മഴപെയ്യുമെന്നാണ് പ്രവചനം. മുംബയ്, താനെ, റെയ്ഗാഡ് ജില്ലകളിലാണ് വെള്ളപ്പൊക്കം രൂക്ഷമായിരിക്കുന്നത്. ദുരന്തനിവാരണ സേനയും അഗ്നിശമന സേനാംഗങ്ങളും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. നഗരത്തിലാകെ ജനജീവിതം സ്തംഭിച്ചു. റോഡ്-റെയിൽ ഗതാഗതം താറുമാറിലായി. കൊവിഡ് പ്രതിരോധത്തിന്റെ മുൻനിരയിൽ പ്രവർത്തിക്കുന്ന ഡോക്ടർമാരും നഴ്സുമാരുമുൾപ്പടെയുള്ള ആരോഗ്യപ്രവർത്തകർക്ക് ആശുപത്രികളിലെത്താൻ ബുദ്ധിമുട്ട് നേരിട്ടു.
താഴ്ന്ന പ്രദേശങ്ങളായ കുർള, സിയോൺ എന്നിവിടങ്ങളിലെ വീടുകളിൽ വെള്ളം കയറി. വാഹനങ്ങൾ ഉൾപ്പടെ വെള്ളത്തിൽ മുങ്ങി. ജനങ്ങളോട് വീട്ടിൽ ഇരിക്കണമെന്ന് ബൃഹാൻ മുംബയ് മുനിസിപ്പൽ കോർപ്പറേഷൻ നിർദ്ദേശിച്ചു. മുംബയിലെ എല്ലാ ഓഫീസുകൾക്കും സർക്കാർ അവധി പ്രഖ്യാപിച്ചിരുന്നു.
ഉദ്യോഗസ്ഥർക്ക് എത്താനാകാത്തതിനെ തുടർന്ന് ബോംബെ ഹൈക്കോടതിയിലെ വെർച്വൽ വാദങ്ങൾ നീട്ടിവെച്ചു. മരം വീണും നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്.