പത്തനംതിട്ട : കൊവിഡ് പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള വിവിധ പൊലീസ് നടപടികളുടെ നടത്തിപ്പിനായി അഡിഷണൽ എസ്. പി എ.യു.സുനിൽകുമാറിനെ ചുമതലപ്പെടുത്തിയതായി ജില്ലാപൊലീസ് മേധാവി കെ.ജി. സൈമൺ അറിയിച്ചു.
കൊവിഡ് ബാധിതരെ സംബന്ധിച്ച വിവരശേഖരണം, ഹോം ക്വാറന്റീനിൽ കഴിയുന്നവരുടെ നിരീക്ഷണം, പോസിറ്റീവ് ആയവരുമായി സമ്പർക്കത്തിൽ വന്നവരുടെ ലിസ്റ്റ് തയാറാക്കൽ എന്നിവയുടെ ചുമതലയാണ് അഡിഷണൽ എസ്.പിയെ ഏൽപ്പിച്ചിരിക്കുന്നത്. സമ്പർക്കത്തിൽ ആയവരെ കണ്ടെത്തുന്നതിന് പൊലീസ് സ്റ്റേഷനുകളിൽ നിയോഗിക്കപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുമായി നിരന്തമായി ബന്ധപ്പെട്ടു വിവരശേഖരണം നടത്തുമെന്നും ജില്ലാപൊലീസ് മേധാവി പറഞ്ഞു.
സമ്പർക്കത്തിൽ ആയവരെ ക്വാറന്റീൻ കേന്ദ്രത്തിലേക്ക് മാറ്റാനും, ക്വാറന്റീൻ ലംഘനങ്ങൾ തടയാനും, ആശുപത്രികളിൽ കഴിയുന്നവർ കടന്നുകളയുന്നതു തടയുന്നതിനും പൊലീസ് നടപടി സ്വീകരിക്കും. സമ്പർക്കവിലക്കു ശ്രദ്ധയിൽപെട്ടാൽ ജനങ്ങൾ പൊലീസിനെ അറിയിക്കണം. കണ്ടെയ്ൻമെന്റ് മേഖലയ്ക്ക് പുറത്തു പ്രവർത്തന അനുമതി ലഭിച്ച ജിംനേഷ്യം, യോഗാ പോലെയുള്ള കേന്ദ്രങ്ങളുടെ പ്രവർത്തനം ശുചിത്വ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചേ നടത്തുന്നുള്ളൂ എന്നുറപ്പാക്കും. കൊവിഡ് പ്രോട്ടോകോൾ ലംഘനങ്ങൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരും.
ഇന്നലെ ലോക്ക്ഡൗൺ ലംഘനങ്ങൾക്ക് ജില്ലയിൽ 35 കേസുകളിലായി 29 പേരെ അറസ്റ്റ് ചെയ്യുകയും മാസ്ക് ധരിക്കാത്തതിന് 141 പേർക്ക് നോട്ടീസ് നൽകുകയും ചെയ്തതായും ജില്ലാപൊലീസ് മേധാവി അറിയിച്ചു.