മുംബയ് : 2019 ലോകകപ്പിൽ തന്നെ കളിപ്പിക്കാൻ സെലക്ടർമാർ ആഗ്രഹിക്കുന്നില്ലെന്ന സത്യം തന്നോടു തുറന്നുപറഞ്ഞത് മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിംഗ് ധോണി ആയിരുന്നുവെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റർ യുവ്രാജ് സിംഗ്. ലോകകപ്പ് കളിക്കാൻ താൻ അതിയായി ആഗ്രഹിച്ചിരുന്നെങ്കിലും ധോണിയുടെ വാക്കുകൾ കേട്ടതോടെ ടീം പ്രഖ്യാപിക്കുന്ന സമയത്ത് താൻ ഉണ്ടാവില്ല എന്ന യാഥാർത്ഥ്യത്തോട് പൊരുത്തപ്പെടാൻ കഴിഞ്ഞെന്നും 2011 ലോകകപ്പിൽ ഇന്ത്യ കിരീടം നേടുന്നതിൽ പ്രധാന പങ്കുവഹിച്ച യുവ്രാജ് ഒരു ഒാൺലൈൻ ഷോയിൽ പറഞ്ഞു.താനും വിരേന്ദർ സെവാഗും ഗൗതം ഗംഭീറും സഹീർ ഖാനുമുൾപ്പടെയുള്ള കളിക്കാരെ മാന്യമായി വിരമിക്കാൻ സെലക്ടർമാർ അനുവദിച്ചില്ലെന്ന് കഴിഞ്ഞ ദിവസം മറ്റൊരു ചാറ്റ് ഷോയിൽ യുവി തുറന്നടിച്ചിരുന്നു.
യുവിയുടെ വാക്കുകൾ
2015 ലോകകപ്പിൽ നിന്ന് ഞാൻ ഒഴിവാക്കപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ ഒരു ലോകകപ്പ് കൂടി കളിച്ച് നിറുത്തണമെന്ന് ഞാൻ ആഗ്രഹിച്ചിരുന്നു. പക്ഷേ അത് നടക്കില്ലെന്ന് എനിക്ക് ബോധ്യമായത് ധോണി പറഞ്ഞപ്പോഴാണ്. അവർ (സെലക്ടർമാർ) നിന്നെ പരിഗണിക്കുന്നതേയില്ലെന്ന് ധോണി എന്നോടു പറഞ്ഞു.തന്നെക്കൊണ്ട് കഴിയാവുന്നതെല്ലാം ചെയ്തിട്ടും ഫലമുണ്ടായില്ലെന്നും ധോണി പറഞ്ഞു. അതോടെ നടക്കാൻ പോകുന്നത് എന്തെന്ന് എനിക്ക് മനസിലായി.
2011 ലോകകപ്പ് വരെ ധോണിക്ക് എന്നിൽ വളരെയധികം വിശ്വാസമുണ്ടായിരുന്നു, ‘നീയാണ് എന്റെ തുറുപ്പുചീട്ട് ’ എന്ന് എപ്പോഴും എന്നോടു പറയാറുണ്ടായിരുന്നു. എന്നാൽ അസുഖം ഭേദമായി മടങ്ങിയെത്തിയ ശേഷം കാര്യങ്ങൾ മാറിമറിഞ്ഞു. ടീമിൽ ഒരുപാട് മാറ്റങ്ങൾ സംഭവിച്ചു. അതിനാൽ, 2015 ലോകകപ്പിൽ കളിക്കാൻ കഴിയുമെന്ന് എനിക്കും ഉറപ്പില്ലായിരുന്നു.
ക്യാപ്ടൻ എന്ന നിലയിൽ ധോണിയെക്കുറിച്ച് എനിക്ക് പരാതികൾ ഒന്നുമില്ല. നായകൻ എന്ന നിലയിൽ വ്യക്തിബന്ധങ്ങൾ നോക്കാതെ ചില തീരുമാനങ്ങൾ എടുക്കേണ്ടി വരും. എല്ലാ കാര്യങ്ങളും ന്യായീകരിക്കാനും കഴിയില്ല. രാജ്യത്തിന്റെ നേട്ടമാണ് തീരുമാനങ്ങൾ എടുക്കുമ്പോൾ പ്രധാനം.
2017ലെ തിരിച്ചുവരവിന് വിരാട് കൊഹ്ലിയോട് ഏറെ കടപ്പെട്ടിരിക്കുന്നു. എന്റെ ആ തിരിച്ചുവരവിനെ വിരാട് പൂർണമായും പിന്തുണച്ചു. ആ പിന്തുണയില്ലായിരുന്നെങ്കിൽ ഞാൻ ഒരിക്കലും തിരിച്ചുവരുമായിരുന്നില്ല.
തിരിച്ചുവരവുകളുടെ രാജകുമാരൻ
2000ത്തിൽ കെനിയയ്ക്കെതിരെ ഏകദിനത്തിൽ ഇന്ത്യൻ ടീമിൽ അരങ്ങേറ്റം നടത്തിയ യുവിയുടെ 17 വർഷം നീണ്ട കരിയറിൽ പലതവണ തിരിച്ചുവരവുകൾ നടത്തിയിട്ടുണ്ട്. ഇതിൽ ഏറ്റവും പ്രധാനം 2011 ലോകകപ്പ് കഴിഞ്ഞ കാൻസർ രോഗത്തിൽ നിന്ന് മുക്തനായി മടങ്ങിയെത്തിയതായിരുന്നു.2012 ട്വന്റി-20 ലോകകപ്പിലായിരുന്നു ആ തിരിച്ചുവരവ്.
എന്നാൽ 2014ൽ വീണ്ടും ടീമിൽ നിന്ന് തഴയപ്പെട്ടു.2015 ലോകകപ്പിന് പരിഗണിച്ചില്ല.2016ലെ ആസ്ട്രേലിയൻ പര്യടനത്തിനുള്ള ട്വന്റി-20 ടീമിലേക്ക് ക്ഷണം കിട്ടിയെങ്കിലും വിൻഡീസ് പര്യടനത്തിലേക്ക് വിളിച്ചില്ല.
2017 ജനുവരിയിൽ ഇംഗ്ലണ്ടിനെതിരെയായിരുന്നു യുവരാജിന്റെ ഏകദിനത്തിലേക്കുള്ള തിരിച്ചുവരവ്. കട്ടക്ക് ഏകദിനത്തിൽ കരിയറിലെ ഉയർന്ന സ്കോർ (150) നേടുകയും ചെയ്തു. 2017 ചാംപ്യൻസ് ട്രോഫിക്കുള്ള ഇന്ത്യൻ ടീമിലും യുവരാജ് അംഗമായിരുന്നു. ആ വർഷം വെസ്റ്റിൻഡീസിനെതിരായ പരമ്പരയിലാണ് യുവി അവസാനമായി ഇന്ത്യൻ ജഴ്സി അണിഞ്ഞത്.