മാഡ്രിഡ് : രണ്ട് പതിറ്റാണ്ടിലേറെ ഗോൾ വലയ്ക്ക് കീഴെ വിശ്വസ്തമായ കരങ്ങളുമായി അരങ്ങുവാണ വിഖ്യാത ഗോളി ഐക്കർ കസിയസ് പ്രൊഫഷണൽ ഫുട്ബാൾ കരിയറിൽ നിന്ന് വിരമിച്ചു. സ്പെയ്നിനെ ലോകകപ്പിലും യൂറോ കപ്പിലും മുത്തമിടീച്ച നായകനായ കസിയസ് ദീർഘകാലം കളിച്ച സ്പാനിഷ് സൂപ്പർ ക്ളബ് റയൽ മാഡ്രിഡിൽ നിന്ന് മാറി കഴിഞ്ഞ അഞ്ചുവർഷമായി പോർച്ചുഗീസ് ക്ളബ് എഫ്.സി പോർട്ടോയുടെ കാവൽക്കാരനായിരുന്നു. പോർട്ടോയുമായുള്ള കരാർ കഴിഞ്ഞ മാസം അവസാനിച്ചിരുന്നു.കഴിഞ്ഞ വർഷം പരിശീലനത്തിനിടെ ഹൃദയാഘാതം സംഭവിച്ച ശേഷം കസിയസ് പിന്നീട് കളിക്കാൻ ഇറങ്ങിയിരുന്നില്ല.
കസിയസ് ഇതിഹാസം
ആന്ദ്രേ ഇനിയെസ്റ്റ, ചാവി ഹെർണാണ്ടസ് തുടങ്ങിയ മഹാരഥന്മാർ അടങ്ങിയ സ്പാനിഷ് സുവർണകാലത്തെ ടീമിന്റെ നായകനും ഗോളിയുമായിരുന്നു കസിയസ്.
2010ൽ ദക്ഷിണാഫ്രിക്കയിൽ നടന്ന ലോകകപ്പ് ഏറ്റുവാങ്ങിയതാണ് സ്പാനിഷ് നായകനെന്ന നിലയിൽ കസിയസിന്റെ കരിയറിലെ സുവർണ മുഹൂർത്തം.
2008,2012 വർഷങ്ങളിലെ യൂറോ കപ്പുകളിൽ സ്പെയ്നിനെ ജേതാക്കളാക്കിയ നായകനും കസിയസാണ്.
ഒൻപതാം വയസിൽ റയൽ മാഡ്രിഡിന്റെ അക്കാഡമിയിൽ എത്തിയതാണ് കസിയസ്. 1999ൽ തന്റെ 18-ാം വയസിൽ റയൽ സീനിയർ ടീമിനായി അരങ്ങേറ്റം.
16 സീസണുകൾ നീണ്ട റയൽക്കാലത്തിൽ 725 മത്സരങ്ങളിൽ വലകാത്തു. അഞ്ച് ലാ ലിഗ കിരീട നേട്ടങ്ങളിലും മൂന്ന് ചാമ്പ്യൻസ് ലീഗ് കിരീടനേട്ടങ്ങളിലും പങ്കാളിയായി.
2015ൽ റയൽ വിട്ട് പോർട്ടോയിലേക്ക് ചേക്കേറിയപ്പോൾ ക്ളബിൽ നിലനിറുത്താൻ താത്പര്യപ്പെടാതിരുന്ന റയൽ പ്രസിഡന്റ് ഫ്ളോറന്റീനോ പെരസിനെതിരെ ആരാധകർ പ്രതിഷേധമുയർത്തിയിരുന്നു.
ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച റെക്കാഡ് (177) കസിയസിനാണ്. ഇതിൽ 150 എണ്ണവും റയലിന് വേണ്ടിയായിരുന്നു. ഏറ്റവും കൂടുതൽ ചാമ്പ്യൻസ് ലീഗ് ക്ളീൻ ഷീറ്റുകളുടെ എണ്ണവും (57) കസിയസിന്റെ പേരിലാണ്.