ചത്തീഗ്ഗഢ്: നാടെങ്ങും സാഹോദര്യത്തിന്റെ 'രക്ഷാബന്ധൻ' കെട്ടിയപ്പോൾ ചത്തീസ്ഗഢ് പൊലീസ് രംഗത്തിറങ്ങിയത് 'രക്ഷയ്ക്കുള്ള മാസ്ക്' കെട്ടിക്കാനാണ്. ഒന്നും രണ്ടുമല്ല, 14 ലക്ഷം പേരെ മാസ്ക് കെട്ടിച്ചു. അതും ആറു മണിക്കൂറിനുള്ളിൽ. സംഭവം ലോക റെക്കാഡായി. കുറഞ്ഞ സമയംകൊണ്ട് കൂടുതൽ പേരെ മാസ്ക് ധരിപ്പിച്ച ചത്തീസ്ഗഢ് റായിപൂർ റായിഗഡിലെ പൊലീസ് സ്റ്റേഷൻ 'ഗോൾഡൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കാർഡ്സിൽ" ഇടം നേടി.
റായിഗഢ് ജില്ലാ പൊലീസ് ചീഫ് സന്തോഷ് കുമാർ സിംഗിന്റെ നേതൃത്വത്തിലാണ് തിങ്കളാഴ്ച മാസ്ക് വിതരണം നടത്തിയത്.
'രക്ഷയ്ക്കായി മാസ്ക് കെട്ടാം' ( ഏക് രക്ഷാ സൂത്ര മാസ്ക് കാ) എന്ന കാമ്പെയിനിൽ 362 സ്റ്റേഷനുകളിലെ 7500 ഒാളം വോളണ്ടിയർമാർ 115 വാഹനങ്ങളിലായി തിങ്കളാഴ്ച 9 മണി മുതൽ മാസ്ക് വിതരണം ആരംഭിച്ചു.
നിരവധി സന്നദ്ധ സംഘടനകളും പൊലീസിന്റെ ഉദ്യമത്തിൽ കൈകോർത്തു. ഉച്ചയ്ക്ക് മൂന്നു മണിയോടെ 14.87 ലക്ഷം പേരെ മാസ്ക് ധരിപ്പിച്ചു. 'റായ്ഗഡ് പൊലീസിന്റെ കാമ്പെയിൻ ലോക റെക്കാഡാണെന്ന് ' നിരീക്ഷകർ സാക്ഷ്യപ്പെടുത്തി. പിന്നാലെ ഗോർഡൻ ബുക്ക്സ് ഓഫ് വേൾഡ് റെക്കാർഡ് അധികൃതർ സർട്ടിഫിക്കറ്റും നൽകി.