ന്യൂഡൽഹി: ആധുനിക ഇന്ത്യൻ തിയേറ്ററിന്റെ പിതാവും ഇന്ത്യൻ തിയേറ്ററിനെ ലോക വേദികളിൽ എത്തിച്ച സംവിധായകനും നാടക അദ്ധ്യാപകനും ഡൽഹിയിലെ നാഷണൽ സ്കൂൾ ഒഫ് ഡ്രാമയുടെ മുൻ ഡയറക്ടറുമായ ഇബ്രാഹിം അൽകാസി അന്തരിച്ചു. 95 വയസായിരുന്നു. എസ്കോർട്സ് ആശുപത്രിയിൽ ഹൃദയാഘാതം മൂലമാണ് അന്ത്യം.
1962 മുതൽ 77 വരെ നാഷൽ സ്കൂൾ ഒഫ് ഡ്രാമയുടെ ഡയറക്ടറായിരുന്നു. 37ാം വയസിൽ ഡയറക്ടറായ അദ്ദേഹമാണ് സ്ഥാപനത്തെ ഉയരങ്ങളിലേക്ക് നയിച്ചത്. ഏറവും കൂടുതൽ കാലം ആ പദവി വഹിച്ച അദ്ദേഹത്തെ 1966ൽ പദ്മശ്രീയും 1991ൽ പദ്മ ഭൂഷണും 2010ൽ പദ്മവിഭൂഷണും നൽകി രാജ്യം ആദരിച്ചു. നസീറുദ്ദീൻ ഷാ, ഓം പുരി, വിജയ മേത്ത, രോഹിണി ഹട്ടംഗഡി തുടങ്ങിയ പ്രതിഭകൾ സ്കൂൾ ഒഫ് ഡ്രാമയിൽ അൽകാസിയുടെ വിദ്യാർത്ഥികളായിരുന്നു.
ഗിരീഷ് കർണാഡിന്റെ തുഗ്ലക്ക്, മോഹൻ രാകേഷിന്റെ ആഷാഢ് കാ ഏക് ദിൻ, ധരംവീർ ഭാരതിയുടെ അന്ധായുഗ്, ഗ്രീക്ക് ദുരന്ത നാടകങ്ങൾ, ഷേക്സ്പിയർ കൃതികൾ തുടങ്ങി അൻപതിലേറെ പ്രശസ്ത നാടകങ്ങൾ സംവിധാനം ചെയ്തു. സ്കൂൾ ഓഫ് ഡ്രാമ വിട്ടശേഷം ഡൽഹിയിൽ ആർട്ട് ഹെറിറ്റേജ് ഗാലറി സ്ഥാപിച്ചു.
ഭാര്യ റോഷൻ അൽകാസിയാണ് അദ്ദേഹത്തിന്റെ നാടകങ്ങളുടെ വസ്ത്രാലങ്കാരം നിർവഹിച്ചിരുന്നത്. റോഷൻ 2007ൽ നിര്യാതയായി. നാടകസംവിധായകരായ
എൻ.എസ്.ഡി മുൻ ഡയറ്കടർ ആയ അമൻ അല്ലാനയും ഫൈസൽ അൽകാസിയും പുത്രന്മാരാണ്. അമൻ അല്ലാന എൻ.എസ്.ഡി മുൻ ഡയറ്കടറാണ്.