വെഞ്ഞാറമൂട്: പുല്ലമ്പാറ പഞ്ചായത്തിലെ വട്ടപ്പാറ കോളനിയിൽ അയൽവാസികളുടെ കാരുണ്യത്തെ മാത്രം ആശ്രയിച്ച് കഴിയുന്ന രോഗിയായ വയോധികന് വിശ്രമിക്കാൻ കട്ടിലും ആവശ്യത്തിന് വേണ്ട മരുന്നുകളും,ഭക്ഷ്യധാന്യങ്ങളും വസ്ത്രവും എത്തിച്ച് നൽകി വെഞ്ഞാറമൂട് ജനമെെത്രീ പൊലീസ്. പുല്ലമ്പാറ പഞ്ചായത്തിൽ വട്ടപ്പാറ കോളനിയിലെ ഗോപി (68) കടുത്ത ആസ്മ രോഗിയാണ്. സൗകര്യങ്ങൾ ഒന്നുമില്ലാത്ത വീട്ടിൽ നിലത്തായിരുന്നു കിടന്നുറങ്ങിയിരുന്നത്. ഇത് അസുഖം കൂടുന്നതിന് കാരണമായി. ലോക് ഡൗണിനെ തുടർന്ന് മരുന്നും കൃത്യമായി ലഭിച്ചിരുന്നില്ല. നാട്ടുകാരിൽ നിന്നും വിവരങ്ങൾ അറിഞ്ഞ ജനമെെത്രീ ബീറ്റ് ഓഫീസർ ഷജിൻ സന്നദ്ധ സംഘടനയായ ഫ്രണ്ട്സ് ചാരിറ്റിയുടെയും പൊലീസ് വോളണ്ടിയർമാരുടെയും സഹകരണത്തോടെ സഹായങ്ങൾ എത്തിക്കുകയായിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ വിജയകുമാർ, അനൂപ്, മഹേഷ്, പൊലീസ് വോളണ്ടിയർമാരായ ശ്രീഹരി, സജു, രാഹുൽ, ഫ്രണ്ട്സ് ചാരിറ്റി ഭാരവാഹികളായ സുബിൻ, നിഖിൽ എന്നിവർ പങ്കെടുത്തു.