ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ അയ്യായിരം ഗ്രാമീണ റോഡുകളുടെ പുനരുദ്ധാരണ പ്രവൃത്തി മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്തു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി ഉപയോഗിച്ച് തദ്ദേശ റോഡുകൾക്കായി ആവിഷ്കരിക്കുന്ന പ്രത്യേക പദ്ധതിയാണിത്. 2018ലെയും 2019ലെയും പ്രളയത്തിൽ തകർന്ന 11,000 കിലോമീറ്റർ ദൈർഘ്യം വരുന്ന തദ്ദേശ റോഡുകളാണ് പുനരുദ്ധരിക്കുക
കേരളത്തിൽ നടക്കില്ലെന്നു കേന്ദ്രസർക്കാർ പോലും കരുതിയ ഗെയിൽ പൈപ്പ്ലൈൻ പദ്ധതി പൂർത്തിയായെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.ആര് തകിടംമറിക്കാൻ ശ്രമിച്ചാലും നാടിന്റെ വികസനകാര്യങ്ങളിൽ വിട്ടുവീഴ്ചയില്ലാതെ സർക്കാർ മുന്നോട്ടുപോകുന്നത് ചിലർക്ക് മാനസിക പ്രയാസമുണ്ടാക്കും. അതിന്റെ ഭാഗമായി ഇല്ലാക്കഥകൾ മെനയാൻ ചിലർ ശ്രമിക്കുന്നു. ഏതെങ്കിലും കുബുദ്ധികളുടെ ഗൂഢപദ്ധതികൾ കൊണ്ട് ഇതൊന്നും അട്ടിമറിക്കാനാവില്ല.1000 കോടി രൂപ മുതൽമുടക്കുള്ള റോഡു നവീകരണത്തിന്റെ പുരോഗതിയും ഗുണനിലവാരവും പരിശോധിക്കാൻ ജില്ലാതലത്തിൽ നിരീക്ഷണ സമിതികൾക്കു രൂപം നൽകും. തദ്ദേശ സ്ഥാപനങ്ങളുടെയും ജനപ്രതിനിധികളുടെയും മേൽനോട്ടത്തിലാവും നിർമ്മാണം. പ്രാദേശിക തലത്തിൽ ഒട്ടേറെപ്പേർക്ക് തൊഴിൽ ലഭിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു..മന്ത്രി എ.സി. മൊയ്തീൻ അദ്ധ്യക്ഷത വഹിച്ചു.