തിരുവനന്തപുരം: തിരുവോണം ബമ്പർ ഭാഗ്യക്കുറി ടിക്കറ്റ് ധനമന്ത്രി ഡോ. ടി.എം.തോമസ് ഐസക് പ്രകാശനം ചെയ്തു. 12 കോടി രൂപയാണ് ഒന്നാം സമ്മാനം. 300 രൂപയാണ് ടിക്കറ്രിന്റെ വില. സെപ്തംബർ 20 ന് നറുക്കെടുക്കും.
ഭാഗ്യക്കുറിയിൽ നിന്നുള്ള ലാഭം ആരോഗ്യ സുരക്ഷാപദ്ധതിക്കാണ് വിനിയോഗിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. കൊവിഡ് പ്രതിസന്ധി കാരണം ഭാഗ്യക്കുറിയിൽ നിന്നുള്ള വരുമാനം ഈ വർഷം പകുതിയിൽ താഴെയാകും. രണ്ട് മാസം ടിക്കറ്റ് വില്പനയില്ലായിരുന്നു. ആഴ്ചയിൽ ഏഴു ദിവസവും ഉണ്ടായിരുന്ന ടിക്കറ്റുകൾ മൂന്നെണ്ണമായി കുറച്ചു. അച്ചടിയും കുറച്ചിട്ടുണ്ട്.
ലോട്ടറി വില്പനക്കാർക്ക് ആവശ്യമായ മാസ്ക്, സാനിറ്റൈസർ മുതലായവ നൽകിയിട്ടുണ്ട്. ഈ പ്രതിസന്ധിക്കിടയിലും ശരാശരി 52 ലക്ഷം ടിക്കറ്റുകൾ വീതം ഓരോ ഭാഗ്യക്കുറിയിലും വിറ്റുപോകുന്നുണ്ട്. ഭാഗ്യക്കുറിയിൽ ജനങ്ങൾക്കുള്ള വിശ്വാസമാണ് ഇത് തെളിയിക്കുന്നതെന്നും മന്ത്രി പറഞ്ഞു. വി.കെ. പ്രശാന്ത് എം.എൽ.എയാണ് ടിക്കറ്റ് ഏറ്റുവാങ്ങിയത്. ഭാഗ്യക്കുറി വകുപ്പ് ഡയറക്ടർ അമിത് മീണയും പങ്കെടുത്തു.
സമ്മാന ഘടന
ഒന്നാം സമ്മാനം 12 കോടി രൂപ. രണ്ടാം സമ്മാനമായി ഒരു കോടി രൂപ വീതം ആറ് പേർക്ക്. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേർക്കും നാലാം സമ്മാനമായി അഞ്ച് ലക്ഷം രൂപ വീതം 12 പേർക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ സമ്മാനങ്ങളുമുണ്ട്.