കണ്ണൂർ: അഫ്ഗാനിസ്ഥാനിലെ ജയിൽ ആക്രമിച്ച ഐസിസ് ഭീകരസംഘത്തിൽ കാസർകോട് സ്വദേശിയായ കെ. പി. ഇജാസും ഉണ്ടെന്ന് തെളിഞ്ഞതോടെ ഇയാളുടെ കണ്ണൂരിലെ ബന്ധങ്ങളും രഹസ്യാന്വേഷണ വിഭാഗം അന്വേഷിക്കും. ഇജാസിന്റെ ഭാര്യ റാഹില അഫ്ഗാൻ ജയിലിലാണ്.
സംസ്ഥാനത്ത് ഐസിസിന്റെ നിർണായക സാന്നിദ്ധ്യമുണ്ടെന്ന യു. എൻ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ ഭീകര സംഘടനയിലേക്ക് കണ്ണൂരിൽ നിന്ന് യുവാക്കളുടെ റിക്രൂട്ട്മെന്റ് അന്വേഷിച്ചുവരികയാണ്. രാജ്യത്തെ മൂന്ന് ഐസിസ് ഘടകങ്ങളിലൊന്ന് കണ്ണൂരിലാണെന്നും ഭീകരാക്രമണങ്ങൾ നടത്തുകയാണ് ദൗത്യമെന്നും ദേശീയ അന്വേഷണ ഏജൻസി തിരിച്ചറിഞ്ഞിരുന്നു. ഇവർ ജില്ലയിൽ നിന്ന് അമ്പതോളം പേരെ കൂടി അഫ്ഗാനിലെ ഭീകര പരിശീലന കേന്ദ്രങ്ങളിൽ എത്തിച്ചതായി സംസ്ഥാന ആഭ്യന്തര സുരക്ഷാ വിഭാഗം കണ്ടെത്തിയിട്ടുണ്ട്. ജില്ലയിൽ നിന്ന് സമീപകാലത്ത് വിദേശത്തേക്കു പോയവർ, ദുരൂഹമായി കാണാതായവർ, കുടുംബസമേതം നാടുവിട്ടവർ തുടങ്ങിയവരെക്കുറിച്ചും അന്വേഷണം നടക്കുകയാണ്. ഇവരുടെ ബന്ധുക്കൾക്ക് എത്തുന്ന മൊബൈൽ കാളുകളും സന്ദേശങ്ങളും നിരീക്ഷിക്കും. കാണാതായവരിൽ പലരും അഫ്ഗാനിസ്ഥാൻ, സിറിയ എന്നിവിടങ്ങളിലെ ഐസിസ് താവളങ്ങളിൽ എത്തിയെന്ന് അറിയുന്നത് ബന്ധുക്കൾക്കുള്ള രഹസ്യ സന്ദേശങ്ങൾ വഴിയായിരിക്കും.
വളപട്ടണം റിക്രൂട്ട്മെന്റ്, കനകമല ഗൂഢാലോചന എന്നിവയാണ് ജില്ലയിലെ ഐസിസ് കേസുകൾ. 2017 ഡിസംബർ 17നാണ് വളപട്ടണം കേസിൽ അബ്ദുൾ റസാഖ്, എം.വി.റാഷിദ്, മനാഫ് റഹ്മാൻ, മിഥിൽ രാജ്, യു.കെ. ഹംസ എന്നിവർ പിടിയിലാകുന്നത്. മിഥിൽ രാജിന്റെ അക്കൗണ്ടിൽ ഗൾഫിലുള്ള പാപ്പിനിശേരി സ്വദേശി തസ്ലിമിൽ നിന്ന് 40,000 രൂപ എത്തിയതിൽ നിന്നായിരുന്നു അന്വേഷണത്തുടക്കം. അഴീക്കോട് പൂതപ്പാറയിലെ കെ. സജ്ജാദ്, ഭാര്യ ഷാഹിന, രണ്ടു മക്കൾ, അയൽക്കാരായ അൻവർ, ഭാര്യ അഫ്സീല, മൂന്നു മക്കൾ, സിറ്റി കുറുവയിലെ ടി.പി. നിസാം എന്നിവർ 2017 നവംബറിലാണ് നാടുവിട്ടത്. ഇവരെ കാണാതായതിനെക്കുറിച്ച് ബന്ധുക്കൾ പൊലീസിൽ പരാതിപ്പെടാതിരുന്നത് സംശയം ജനിപ്പിച്ചു. വീട്ടുകാരുടെ അറിവോടെ ഇവർ ഗൾഫ് വഴി അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണ് നിഗമനം.
കേരളത്തിലും തമിഴ്നാട്ടിലും ഭീകരാക്രമണങ്ങൾക്ക് പദ്ധതിയിടാൻ 2016 ഒക്ടോബർ രണ്ടിന് തലശ്ശേരിയിലെ ചൊക്ളി കനകമലയിൽ ഒത്തുകൂടി ഗൂഢാലോചന നടത്തിയ കേസിൽ മുഴുവൻ പേരെയും എൻ.ഐ.എ കോടതി ശിക്ഷിച്ചിരുന്നു.
'ഐസിസിൽ ചേരാൻ മൂന്നു വർഷം മുമ്പ് പത്തു പേർ സിറിയയിലേക്കു കടന്നതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് കൂടുതൽ പേർ നാടുവിട്ടതായി കണ്ടെത്തിയത്. ഇവരിൽ ഇരുപതോളം പേർ സിറിയയിലെ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായാണ് ബന്ധുക്കൾക്കു കിട്ടിയ വിവരം. ചിലർ അഫ്ഗാൻ ജയിലുകളിലുണ്ടെന്നും സൂചനയുണ്ട്".
- പി.പി. സദാനന്ദൻ
കണ്ണൂർ ടൗൺ ഡിവൈ.എസ്.പി.