കൊച്ചി:നയതന്ത്രചാനൽ വഴിയുള്ള സ്വർണക്കടത്തു കേസിലെ മുഖ്യ സൂത്രധാരൻ കെ.ടി റമീസിനെ കോടതി മൂന്നുദിവസംകൂടി എൻ.ഐ.എ കസ്റ്റഡിയിൽ വിട്ടു.അറസ്റ്റിലായ മറ്റു പ്രതികളെല്ലാം ജുഡീഷ്യൽ കസ്റ്റഡിയിലാണ്. ഏഴു ദിവസത്തെ കസ്റ്റഡി കാലാവധി കഴിഞ്ഞതോടെ റമീസിനെ കോടതിയിൽ ഹാജരാക്കിയ എൻ.ഐ.എ സംഘം, കള്ളക്കടത്തുമായി ബന്ധപ്പെട്ട മുഴുവൻ വിവരങ്ങളും പ്രതി വെളിപ്പെടുത്തിയിട്ടില്ലെന്നും മറ്റു പ്രതികളുടെ പങ്ക് കണ്ടെത്താൻ കൂടുതൽ ചോദ്യംചെയ്യണമെന്നും ബോധിപ്പിച്ചു. നാലു ദിവസത്തെ കസ്റ്റഡിയാണ് ഡിവൈ.എസ്.പി സി. രാധാകൃഷ്ണപിള്ള പ്രത്യേക എൻ.ഐ.എ കോടതിയോട് ആവശ്യപ്പെട്ടതെങ്കിലും മൂന്നു ദിവസം അനുവദിക്കുകയായിരുന്നു.
അന്വേഷണ പുരോഗതി
സ്വപ്ന ഉൾപ്പെടെയുള്ള പ്രതികളുമായി നടത്തിയ ഗൂഢാലോചനയുടെ വിവരങ്ങൾ റമീസ് വെളിപ്പെടുത്തി. കള്ളക്കടത്തിന് നിർദേശങ്ങൾ നൽകാൻ റമീസ് ഉപയോഗിച്ചിരുന്ന മൊബൈൽ കണ്ടെടുത്തു. മറ്റൊരു മൊബൈൽ എവിടെയാണ് നശിപ്പിച്ചതെന്ന് വെളിപ്പെടുത്തി. സ്വർണം ആർക്കൊക്കെയാണ് ലഭിച്ചത്, ഇതിന്റെ ഗുണഭോക്താക്കൾ ആരാണ് എന്നിവയെക്കുറിച്ച് ആഴത്തിലുള്ള അന്വേഷണം വേണം. നാടിന്റെ സാമ്പത്തികഭദ്രത തകർക്കാനുള്ള ഗൂഢാലോചനയാണ് നടത്തിയത്. റമീസും ഇന്ത്യക്കകത്തും പുറത്തുമുള്ള കൂട്ടാളികളും ഭീകരവാദ പ്രവർത്തനങ്ങൾക്കാണ് കള്ളക്കടത്തു നടത്തിയതെന്ന് സംശയിക്കുന്നു.