@ഐസിസ് സംഘത്തിൽ കാസർകോട് സ്വദേശി ഇജാസും
ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ ഞായറാഴ്ച 29 പേരുടെ മരണത്തിനിടയാക്കിയ ജലാലാബാദ് ജയിൽ ആക്രമിച്ച പത്തംഗ ഐസിസ് ഭീകര സംഘത്തിൽ കാസർകോട് പടന്ന സ്വദേശി കല്ലുകെട്ടിയ പുരയിൽ ഇജാസ് (36) ഉൾപ്പെട്ടതായി സൂചന. ഇയാൾ ഉൾപ്പെടെയുള്ള ഭീകരരെ അഫ്ഗാൻ സൈന്യം വധിച്ചെന്നാണ് റിപ്പോർട്ട്.
മൂന്ന് ഇന്ത്യക്കാരും മൂന്ന് അഫ്ഗാൻകാരും മൂന്ന് താജിക്ക് സ്വദേശികളും ഒരു പാക് പൗരനും അടങ്ങിയ സംഘമാണ് ആക്രമണം നടത്തിയതെന്ന് വെളിപ്പെടുത്തിയ ഐസിസ് ഇന്നലെ ഭീകരരുടെ ചിത്രവും പുറത്തുവിട്ടു.
തടവിൽ കിടക്കുന്ന ഭീകരരെ മോചിപ്പിക്കാനാണ് സംഘം ജയിൽ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. നിരവധി തടവുകാർ രക്ഷപ്പെട്ടു. ഒരു ഭീകരൻ സ്ഫോടക വസ്തുക്കൾ നിറച്ച ട്രക്ക് ജയിൽ കവാടത്തിൽ ഇടിച്ചുകയറ്റി ചാവേർ ആയി. കൂട്ടാളികൾ സുരക്ഷാ സേനയ്ക്ക് നേരെ തുരുതുരാ വെടിവച്ചു. മണിക്കൂറുകൾ നീണ്ട ഏറ്റുമുട്ടലിൽ എല്ലാ ഭീകരരെയും വധിച്ചതായി അഫ്ഗാൻ സൈനിക മേധാവി ജനറൽ യാസീൻ സിയ അറിയിച്ചു.
ഐസിസിൽ ചേർന്ന നിരവധി മലയാളികൾ കൊല്ലപ്പെട്ടിട്ടുണ്ട്. ഇവരുടെ ഭാര്യമാരും കുട്ടികളും അഫ്ഗാനിസ്ഥാനിൽ തടവിലാണ്.
മാർച്ചിൽ കാബൂളിലെ സിക്ക് ഗുരുദ്വാര ആക്രമിച്ച ഐസിസ് സംഘത്തിൽ കാസർകോട് തൃക്കരിപ്പൂർ സ്വദേശി മുഹമ്മദ് മുഹ്സിൻ ഉൾപ്പെട്ടതായി റിപ്പോർട്ടുണ്ടായിരുന്നു.
@ഐസിസിൽ ചേർന്നത് കുടുംബസമേതം
കാസർകോട്ടെ 14പേർക്കൊപ്പം 2015ലാണ് ഇജാസ് ഐസിസുമായി ബന്ധം സ്ഥാപിച്ചത്. ഐസിസിൽ ചേരാൻ 2016 മേയ് 21ന് കുടുംബസമേതം രാജ്യം വിട്ടു. ഭാര്യ ജസീല (30), ആറ് വയസുള്ള മകൻ, സഹോദരൻ പി.കെ. ശിഹാസ് (32), ഭാര്യ മംഗളൂരു ഉള്ളാൾ സ്വദേശി അജ്മല (24) എന്നിവരെയും കൂട്ടി. ഇജാസും ഭാര്യയും ഡോക്ടർമാരാണ്. തീവ്ര ഇസ്ലാമിക ആശയങ്ങളിൽ ആകൃഷ്ടരായിരുന്നു. സംഘത്തിൽ കണ്ണൂർ, പാലക്കാട് നിന്നുൾപ്പെടെ 21 പേരുണ്ടായിരുന്നു. തൃക്കരിപ്പൂർ ഉടുംമ്പുന്തലയിലെ അബ്ദുൽറാഷിദ് (38) ആയിരുന്നു സംഘത്തലവൻ. ഇയാൾ ഭീകരാക്രമണത്തിനിടെ കൊല്ലപ്പെട്ടെന്ന് പിന്നീട് വിവരം ലഭിച്ചിരുന്നു.
ഇവർ ഹൈദരാബാദിൽ നിന്ന് മസ്കറ്റ് വഴിയാണ് അഫ്ഗാനിസ്ഥാനിൽ എത്തിയതെന്ന് എൻ.ഐ.എയുടെ രേഖകളിലുണ്ട്. ജസീലയും കുട്ടിയും ഇപ്പോൾ അഫ്ഗാനിസ്ഥാനിൽ തടവിലാണ്.
ഇജാസ് നാട്ടിലെ ബന്ധുക്കളുമായി ഒരിക്കലും ബന്ധപ്പെട്ടിരുന്നില്ല. സംഘത്തിലെ പി.കെ. അഷ്ഫാക്ക് ടെലിഗ്രാഫ് ആപ്പിലൂടെ പൊതുപ്രവർത്തകൻ ബി.സി.എ റഹ്മാൻ വഴി ബന്ധുക്കൾക്ക് സന്ദേശം അയച്ചിരുന്നു. എൻ.ഐ.എ ഇജാസിന്റെ വീട്ടിൽ നിന്നും റഹ്മാനിൽ നിന്നും വിവരങ്ങൾ ശേഖരിച്ചിരുന്നു. അതിനിടെ ഇജാസിനെയും തങ്ങൾക്കൊപ്പമുള്ള മറ്റ് ആണുങ്ങളെയും ഡ്രോൺ ആക്രമണത്തിൽ കൊന്നുവെന്ന് ജസീല ഉൾപ്പെടെയുള്ള സ്ത്രീകൾ ചാനലുകളോട് പറഞ്ഞിരുന്നു. അത് വ്യാജമായിരുന്നു. ഈ സ്ത്രീകൾ അഫ്ഗാൻ പൊലീസിൽ കീഴടങ്ങുകയായിരുന്നു.